
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട പണം കിട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 8000 കോടി രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ട്. നമുക്ക് അർഹതപ്പെട്ട പണം കേരളത്തിന് കിട്ടുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്നും എല്ലാ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, എൽഡിഎഫ് നയം നടപ്പാക്കുന്ന സർക്കാരല്ല ഇതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാരിന് പരിമിതിയുണ്ട്. ഇടതുമുന്നണിയുടെ എല്ലാ നയവും നടപ്പാക്കുകയല്ല സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം എല്ലാ പദ്ധതിക്കും നിബന്ധന വെച്ച് കേരളം പോലുള്ള സംസ്ഥാനത്തെ ബാധിക്കുന്ന രീതിയിൽ നിലപാടെടുക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ ആദ്യം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം തീർക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐയുടെ ആശയക്കുഴപ്പങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം സെക്രട്ടിയേറ്റ് യോഗത്തിന് ശേഷമാണ് നിലപാട് കൂടുതൽ കടുപ്പിച്ചത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു കൊണ്ടു തന്നെ സർക്കാരിന് പിന്മാറാൻ കഴിയില്ല. ഇതിനെ ഒരു നയം മാറ്റം എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. പിഎം ശ്രീ പദ്ധതി നയപരമായ സർക്കാരിന്റെ തീരുമാനമാണ്. ഇതുസംബന്ധിച്ച എല്ലാ ആശയക്കുഴപ്പവും പരിഹരിക്കാൻ ചർച്ചയുമായി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള എതിർപ്പ് ഉണ്ടായിട്ടും പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം എടുത്തില്ല. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എം വി ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൽ വരും ദിവസങ്ങളിൽ സിപിഐയുമായി ചർച്ച നടത്താനാണ് യോഗത്തിൽ തീരുമാനമായത്. ഈ മാസം 29ന് ശേഷം എൻഡിഎഫ് കൺവീനർ സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam