കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല പ്രമേയമാക്കിയുള്ള സിനിമക്കെതിരെ പ്രതി അഫാന്‍റെ പിതാവ് അബ്ദുള്‍ റഹീം.ഞങ്ങളുടെ ജീവിതമാണതെന്നും കൂട്ടക്കൊല ഇതിവൃത്തമാക്കി സിനിമയെടുക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അഫാന്‍റെ പിതാവ് പറഞ്ഞു
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല പ്രമേയമാക്കിയുള്ള സിനിമക്കെതിരെ പ്രതി അഫാന്‍റെ പിതാവ് അബ്ദുള്‍ റഹീം. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമക്കെതിരെയാണ് കൂട്ടക്കൊലകേസിലെ പ്രതിയായ അഫാന്‍റെ പിതാവ് അബ്ദുള്‍ റഹീം ഹൈക്കോടതിയെ സമീപിച്ചത്. സിനിമയുടെ റിലീസ് തടയണമെന്നാണ് ആവശ്യം. ഞങ്ങളുടെ ജീവിതമാണതെന്നും കൂട്ടക്കൊല ഇതിവൃത്തമാക്കി സിനിമയെടുക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അഫാന്‍റെ പിതാവ് പറഞ്ഞു. സിനിമയുടെ കഥ വെഞ്ഞാറമൂട് കൂട്ടക്കൊല പാതകമാണെന്നാണ് അറിഞ്ഞത്. സിനിമ ഫെബ്രുവരി ആറിന് റിലീസ് ചെയ്യുമെന്നാണ് പറയുന്നത്. റിലീസ് തടയണമെന്നാണ് ആവശ്യം. സിനിമ ഇറങ്ങുന്നത് സംബന്ധിച്ച് അഭിഭാഷകനുമായി സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.
സംഭവിക്കാൻ പാടില്ലാത്തതാണ് അന്ന് സംഭവിച്ചതെങ്കിലും അത് ഞങ്ങളുടെ ജീവിതമാണ്. അത് ഏതുതരത്തിലാണ് സിനിമയായതെന്ന് അറിയില്ല. സിനിമ കാണുകയോ അണിയറ പ്രവര്‍ത്തകര്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. സാമൂഹിക മാധ്യമം വഴിയാണ് വിവരം അറിഞ്ഞത്. സിനിമയുടെ കഥ എന്താണെന്നോ തിരക്കഥ എന്താണെന്നോ അറിയിച്ചിട്ടില്ല. വെഞ്ഞാറമൂട് കൂട്ടക്കൊലയാണ് കഥയാണെന്നാണ് അറിഞ്ഞത്. കഥാപാത്രങ്ങളുടെ പേരുകളും പശ്ചാത്തലവുമാണ് മാത്രമാണ് മാറ്റമെന്നാണ് അറിഞ്ഞത്. കൂട്ടക്കൊലപാതകത്തിന്‍റെ കേസും വിചാരണയുമൊക്കെ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമ ഈ ഘട്ടത്തിൽ റിലീസ് ചെയ്യരുതെന്നും അഫാന്‍റെ പിതാവ് പറഞ്ഞു. കുടുംബത്തെ തെറ്റായി ചിത്രീകരിക്കുന്നതടക്കം കേസിനെ ബാധിക്കുമെന്നാണ് അഫാന്‍റെ പിതാവിന്‍റെ വാദം. കൂട്ടക്കൊലപാതകത്തിനുശേഷം നാട്ടിൽ നിന്ന് പോയ അബ്ദുള്‍ റഹീമും ഭാര്യയും മറ്റൊരു ജില്ലയിലാണ് കഴിയുന്നത്. അമിത പലിശയാണ് കുടുംബത്തെ ഈ വിധത്തിലാക്കിയതെന്നും പലിശക്കാര്‍ നിരന്തരം ഭീഷണി തുടരുകയാണെന്നുമാണ് റഹീം പറയുന്നത്.
ഇന്നലയാണ് കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ റഹീം ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹര്‍ജിയിൽ ചൂണ്ടികാട്ടുന്നു. സിനിമയുടെ പേരിൽ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും വിചാരണ കഴിയുന്നതുവരെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് ചെയ്യുന്നത്. അതേസമയം, കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്ക് വെഞ്ഞാറമൂട് കൂട്ടക്കാലപാതകവുമായി ബന്ധമില്ലെന്നും കേരളത്തിൽ നടന്ന പല സംഭവങ്ങളെ കോർത്തിണക്കിയാണ് സിനിമയെന്നും സംവിധായകൻ പ്രസാദ് നൂറനാട് പറഞ്ഞു. ലഹരിവസ്തുക്കളുടെ വ്യാപനം അടക്കം സിനിമയിലുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഫെബ്രുവരി ആറിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചതെന്നും പ്രസാദ് നൂറനാട് പറഞ്ഞു.
സഹോദരനും കാമുകിയും അടക്കം അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര സെന്‍ട്രൽ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ്. 2025 ഫെബ്രുവരി 24നാണ് കൊലപാതക പരമ്പര അരങ്ങേറിയത്. വിചാരണ തടവിലിരിക്കെ തൂങ്ങി മരിക്കാൻ ശ്രമിച്ച അഫാനെ ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ സാജിത, പിതൃ മാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. ആർഭാട ജീവിതം നയിക്കാൻ അഫാൻ പണം കടംവാങ്ങുന്നത് ബന്ധുക്കള്‍ എതിർത്തിരുന്നു. അച്ഛന്‍റെ സഹോദരൻ ലത്തീഫ് വഴക്കു പറഞ്ഞു. അഫാന്‍റെ അമ്മ നടത്തിയിരുന്ന ചിട്ടിയുടെ പണം നൽകാത്തിനെ ചൊല്ലിയും വാക്കുതർക്കമുണ്ടായി. അമ്മയുടെ സ്വര്‍ണമാല അഫാന് നൽകുന്നതിനെയും ലത്തീഫ് എതിര്‍ത്തു. ഇതിന്‍റെ വൈരാഗ്യത്തിണ് ലത്തീഫിനെയും ഭാര്യ ഷാഹിതയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.



