
കണ്ണൂർ: എല്ലാ തെരഞ്ഞെടുപ്പും സർക്കാരിന്റെ വിലയിരുത്തൽ ആണെന്നും വിലയിരുത്തുന്നതിൽ തെറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു തരി സ്വർണ്ണം അയ്യപ്പന്റേത് നഷ്ടപ്പെടാൻ പാടില്ല. ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു. ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല. ആ തിരുവാഭാരണം എവിടെ? പ്രതി ജയിലിൽ തന്നെ ആണല്ലോ. സ്വർണ്ണക്കൊള്ളയിൽ പാർട്ടി നടപടിയുണ്ടാകും. മുഖം രക്ഷിക്കാൻ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
രാഹുലിനെതിരെ നിരവധി പരാതികൾ വന്നു. കോൺഗ്രസ് തന്നെ രാഹുലിനെ വിമർശിച്ചു. സമാന സാഹചര്യം അല്ല സ്വർണ്ണ കൊള്ളയിൽ ഉള്ളത്. രാഹുലിനെ കിട്ടിയാൽ അല്ലേ പിടിക്കാൻ പറ്റൂ. രാഹുലിനെ കോൺഗ്രസ് പിന്തുണയോടെ ഒളിപ്പിച്ചാലും പിടിക്കും. ശുഭപ്രതീക്ഷയോടെ ഇരിക്കൂവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടം കോൺഗ്രസിന്റെ ഐശ്വര്യമാണ്. സ്വർണ്ണ കൊള്ളയിൽ ഒരാളെയും പാർട്ടി സംരക്ഷിക്കില്ല. പകുതി വെന്ത നിലപാട് സ്വീകരിക്കില്ല. പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടും എം വി ഗോവിന്ദൻ പ്രതികരിച്ചു. ശിക്ഷിക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ല. അവരും പാർട്ടിയുടെ മുഖമാണ്. അവരും കൂടി ചേർന്നതാണ് പാർട്ടി. ശിക്ഷാവിധിക്കെതിരെ സമീപിക്കാൻ മേൽക്കോടതിയുണ്ടെന്നും എം വി ഗോവിന്ദൻ മറുപടി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ തളളിക്കൊണ്ടുളള ഉത്തരവിലാണ് സിംഗിൾ ബെഞ്ചിൻറെ നിർദേശം. ഇരുവരുടെയും ജാമ്യാപേക്ഷ ജസ്റ്റീസ് ബദറുദ്ദീൻ ഇന്നലെ നിരസിച്ചിരുന്നു. സന്നിധാനത്തെ അമൂല്യവസ്തുക്കളിൽ നിന്ന് സ്വർണം കവർന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരാനുണ്ടെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തളളുന്നതെന്നും ഉത്തരവിലുണ്ട്.
ഇതിനിടെ, കേസിൽ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിൻറെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കെഎസ് ബൈജുവിൻറെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ഇതിനിടെ, ശബരിമല സ്വർണ കൊള്ളയിലെ കള്ളപ്പണ വെളുപ്പിക്കൽ അന്വേഷിക്കുന്നതിൻറെ ഭാഗമായി രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കേസിലെ എഫ്ഐആറും മൊഴി പകർപ്പും അടക്കമുള്ള അനുബന്ധ രേഖകളും വേണമെന്നാണ് ആവശ്യം. ഇഡിയുടെ അപേക്ഷ ഡിസംബർ പത്തിന് കോടതി പരിഗണിക്കും. സ്വർണ കൊള്ള കേസിൽ അന്വേഷണം നടത്തുന്നതിന് മുന്നോടിയായിട്ടാണ് രേഖകൾ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഏജൻസിയുടെ നീക്കം മുൻ അഡ്മിനിസ്ട്രേറ്റീസ് ഓഫീസർ എസ് ശ്രീകുമാർ, മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ എന്നിവരുടെ ജാമ്യ ഹർജികൾ ഇന്നലെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തളളിയത്. ഇരുവർക്കും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ് ഐ ടി അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിൻറെ വാദം. അതേസമയം, കേസിൽ പ്രതിയായ ദേവസ്വം മുൻ പ്രസിഡൻറ് എൻ വാസുവിൻറെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. നേരത്തെ ഒരു തവണ റിമാൻഡ് നീട്ടിയിരുന്നു. റിമാൻഡ് നീട്ടുന്നതിനായി എൻ വാസുവിനെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിലെത്തിക്കും. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ഡിസംബർ മൂന്നിന് കൊല്ലം വിജിലൻസ് കോടതി തള്ളിക്കളഞ്ഞിരുന്നു. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസു നൽകിയ ശുപാർശുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും താൻ വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നുമാണ് എൻ വാസുവിൻറെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam