യുഎപിഎ അറസ്റ്റ്: പൊലീസിനെതിരെ എം വി ജയരാജൻ

By Web TeamFirst Published Nov 3, 2019, 11:47 AM IST
Highlights

സർക്കാർ നയം അനുസരിച്ചല്ല പലപ്പോഴും പൊലീസ് ഇടപെടലെന്നും യുഎപിഎ വിഷയത്തിൽ തിരുത്തൽ ഉണ്ടാകുമെന്നും എം വി ജയരാജൻ. 

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സർക്കാർ നയം അനുസരിച്ചല്ല പലപ്പോഴും പൊലീസ് ഇടപെടലെന്ന് എം വി ജയരാജൻ വിമര്‍ശിച്ചു. ഈ വിമർശനം മുമ്പും ഉയർന്നതാണെന്നും യുഎപിഎ വിഷയത്തിൽ തിരുത്തൽ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

പൊലീസിന് മേൽ സർക്കാരിന് നിയന്ത്രണമില്ല എന്ന വിമർശനം ശരിയല്ലെന്നും എം വി ജയരാജൻ പറഞ്ഞു. പൊലീസിലെ ചിലർ ചെയ്യുന്ന കാര്യങ്ങൾക്ക് സേനയെ ആകെ പഴിക്കരുത്. യുഎപിഎ വിഷയം സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് പന്തീരാങ്കാവിൽ സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരായ അലൻ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇരുവരുടേയും നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. 

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയടക്കം മുന്നോട്ടു പോകുന്നതിനിടെയാണ് രണ്ട് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. സിപിഐയും പ്രതിപക്ഷ സംഘടനകളും സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനവുമായി അറസ്റ്റിലായ രണ്ട് പേര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അട്ടപ്പാടി സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതു മാത്രമല്ല ഇവര്‍ നാളുകളായി ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്. 

പിടിയിലായത് നഗരത്തിൽ മാവോയിസ്റ്റ് പ്രവ‍ർത്തനം നടത്തിയവരാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവർ പ്രവർത്തിച്ചു. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാൾ കോഴിക്കോട് സ്വദേശിയാണെന്നും ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടുതൽ പേരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

click me!