മോഹൻ ഭഗവതിൽ നിന്ന് ഗവർണർക്ക് നിർദ്ദേശം കിട്ടി, നാടിന് അപമാനവും ശാപവും; സ്ഥാനം രാജിവെക്കണമെന്നും എംവി ജയരാജൻ

By Web TeamFirst Published Nov 7, 2022, 5:08 PM IST
Highlights

ഇന്ന് കൈരളി എങ്കിൽ നാളെ ആരെയും പത്രസമ്മേളനത്തിൽ നിന്ന് ഇങ്ങനെ ഇറക്കി വിടാമെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു

കണ്ണൂർ: ഗവർണ‍ർ ആരിഫ്ഖാൻ നാടിന് അപമാനവും ശാപവുവെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഒരു നിമിഷം വൈകാതെ ഗവർണർ സ്ഥാനം രാജിവെക്കണമെന്നും ഇനി അതിന് തയ്യാറായില്ലെങ്കിൽ കേന്ദ്രം ഗവർണറെ തിരിച്ച് വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണർ സ്ഥാനത്തിരുന്നു കൊണ്ട് എന്തും ചെയ്യാമെന്ന് കരുതുന്നതായും സി പി എം ജില്ല സെക്രട്ടറി അഭിപ്രായപ്പെട്ടു. ആ‌ർ എസ് എസുകാരെ വിദ്യാഭ്യാസ മേഖലയുടെ തലപ്പത്ത് നിയോഗിക്കാൻ മോഹൻ ഭാഗവതിൽ നിന്ന് ഗവർണർക്ക് നിർദ്ദേശം കിട്ടിയെന്നും അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. ഇന്ന് കൈരളി എങ്കിൽ നാളെ ആരെയും പത്രസമ്മേളനത്തിൽ നിന്ന് ഇങ്ങനെ ഇറക്കി വിടാമെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

മാധ്യമ വിലക്ക് : ജനാധിപത്യത്തോടുള്ള അവഹേളനം, ഗവർണറുടെ നടപടിക്കെതിരെ സിപിഎം

അതേസമയം ഗവർണറുടെ മാധ്യമവിലക്ക് നടപടിക്കെതിരെ രൂക്ഷ വിമ‍ർശനമുയർത്തി രാഷ്ട്രീയ പാർട്ടികളും നേതാക്കളും രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവർത്തകരെ ഇറക്കി വിട്ട നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞത്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും ഗവർണറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണെന്നും സി പി എം ചൂണ്ടികാട്ടി. കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ഗവർണറുടെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ടെന്നും വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും കെ പി സി സി അധ്യക്ഷൻ ചൂണ്ടികാട്ടി. ഇത്തരം നീക്കം പുച്ഛത്തോടെ തളളികളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറുടെ നിലപാടിൽ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

'ഗവർണറുടെ മാധ്യമവിലക്ക് വിവേചനപരം,സത്യപ്രതിജ്ഞ ലംഘനം,ഈ നില തുടർന്നാൽ ഗവർണറെ ബഹിഷ്ക്കരിക്കേണ്ടി വരും' കെ ടിഎഫ്

click me!