വിസ്മയ കേസ്: വിചാരണകോടതി വിധിക്കെതിരായ അപ്പീലിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി

By Web TeamFirst Published Nov 7, 2022, 5:02 PM IST
Highlights

ഇയാൾക്ക് നൽകിയ ശിക്ഷ വർധിപ്പിക്കണമെന്നാണ് വിസ്മയയുടെ പിതാവിന്റെ അപ്പീലിൽ ഉളളത്. ഹ‍ർജികൾ വിധി പറയുന്നതിനായി കോടതി മാറ്റിവെച്ചു. 

കൊല്ലം : വിസ്മയാകേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണും, ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിസ്മയയുടെ പിതാവും നൽകിയ അപ്പീലുകളിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. പത്തുവ‍ർഷത്തേക്ക് തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി വെറുതെ വിടണമെന്നാണ് ശിക്ഷിക്കപ്പെട്ട ഭർത്താവ് കിരൺ കുമാറിന്റെ ആവശ്യം. ഇയാൾക്ക് നൽകിയ ശിക്ഷ വർധിപ്പിക്കണമെന്നാണ് വിസ്മയയുടെ പിതാവിന്റെ അപ്പീലിൽ ഉളളത്. ഹ‍ർജികൾ വിധി പറയുന്നതിനായി കോടതി മാറ്റിവെച്ചു. 

ഭർത്താവ് കിരൺ കുമാറിന്റെ നിരന്തര പീഡനം സഹിക്കവയ്യാതെയാണ് വിസ്മയ ജീവനൊടുക്കിയതെന്നാണ് വിചാരണ കോടതിയുടെ കണ്ടെത്തൽ.  വിസ്മയയുടെ ഭർത്താവ് കിരൺ കുമാര്‍ 10 വർഷം കഠിന തടവ് അനുഭവിക്കണമെന്നും  പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നുമായിരുന്നു കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ്.  വിവിധ വകുപ്പുകളിലായി 25 വർഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നായിരുന്നു ഉത്തരവ്. എന്നാൽ വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് തന്നെ  ശിക്ഷിച്ചതെന്നാണ് കിരണിന്‍റെ വാദം. 

വിസ്മയ ബാക്കി വയ്ക്കുന്ന ചോദ്യങ്ങൾ...

ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണില്‍ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരൺകുമാറിനെ പ്രതിയാക്കുകയും ചെയ്തു. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനതുക ആവശ്യപ്പെട്ട് കിരൺ, വിസ്മയയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. 

വിസ്മയ കേസ്; കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചു, വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് ശിക്ഷിച്ചതെന്ന് വാദം
വിസ്മയ കേസ് നാൾ വഴി

2021 ജൂൺ 21

വിസ്മയയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. വൈകുന്നേരത്തോടെ ഭർത്താവ് കിരൺ കുമാർ കീഴടങ്ങുന്നു

2021 ജൂൺ 22

കേരളം മുഴുവൻ, മലയാളികൾ മുഴുവൻ ഏറ്റെടുത്ത ആ മരണ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

2021 ജൂണ്‍ 25

 വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു.

2021 ജൂൺ 28

കിരൺ കുമാറിന്‍റെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.

ജൂണ്‍ 29

കിരണിന്‍റെ വീട്ടില്‍ ഡമ്മി പരീക്ഷണം. ഇതിനിടയിൽ കിരൺ കുമാർ ജാമ്യത്തിനായി ശ്രമം തുടങ്ങി.

2021 ജൂലൈ 1

സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിമയിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നൽകി

ജൂലൈ 6

കിരണിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു

ജൂലൈ 9

അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിരണിന്റെ ആവശ്യം തള്ളി

ഓഗസ്റ്റ് 6

കിരൺ കുമാറിനെ സർവീസിൽ നിന്ന്  സർക്കാർ പിരിച്ചു വിട്ടു. ഇതിനിടെ വിസ്മയയുടെ മരണം അന്വേഷിക്കാനുള്ള ചുമതല ദക്ഷിണാമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് കൈമാറി.

2021 സെപ്റ്റംബര്‍ 10

വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രേരണ മൂലമുളള ആത്മഹത്യയെന്ന് വ്യക്തമാക്കിയുള്ള കുറ്റപത്രം ആയിരുന്നു പൊലീസ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകള്‍ ഉള്‍പ്പെടെ 2419 പേജുകൾ ഉള്ളതാണ്. വാട്സ് ആപ് സന്ദേശങ്ങളും കിരണും വിസ്മയയുമായുള്ള സംഭാഷണവും വിസ്മയ രക്ഷിതാക്കളോട് കിരണിന്റെ ക്രൂരത പറയുന്നതും അങ്ങനെ ഫോൺ വിളികളും ശബ്ദ റെക്കോർഡുകളും ഡിജിറ്റൽ തെളിവുകളായി .

വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി ലഭിച്ചു. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

2022 ജനുവരി 10

കേസിന്റെ വിചാരണ കൊല്ലം കോടതിയില്‍ തുടങ്ങി.

2022 മാര്‍ച്ച് 2

കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

2022 മേയ് 17

കേസിൽ വാദം പൂര്‍ത്തിയായി

2022 മേയ് 23 

കിരൺ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു, ഒടുവില്‍ ശിക്ഷ വിധി.
 

click me!