രേഷ്മ ചെയ്തത് പുണ്യപ്രവൃത്തിയല്ല, ഭർത്താവ് ആർഎസ്എസ് നിലപാട് എടുത്തയാൾ: എംവി ജയരാജൻ

Published : Apr 23, 2022, 12:49 PM ISTUpdated : Apr 23, 2022, 01:01 PM IST
രേഷ്മ ചെയ്തത് പുണ്യപ്രവൃത്തിയല്ല, ഭർത്താവ് ആർഎസ്എസ് നിലപാട് എടുത്തയാൾ: എംവി ജയരാജൻ

Synopsis

പ്രതി ഒളിവിൽ പാ‍ർത്ത രേഷ്മയുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ സിപിഎമ്മിന് ബന്ധമില്ല. 

കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാൻ സിപിഎം പ്രവർത്തകർ കൂട്ടുനിൽക്കില്ലെന്ന്  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. (MV Jayarajan Against Reshma who kept the assassin of punnol haridas in her home in pinarayi) പ്രവാസിയുടെ ഭാര്യയാണ് പ്രതിയായ നിജിൽ ദാസിനെ ഒളിവിൽ പാർപ്പിച്ചതെന്നും ഇവരുടെ ഫോൺ പരിശോധിച്ചതിൽ പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതായും എം.വി.ജയരാജൻ പറഞ്ഞു. രേഷ്മയ്ക്ക് നേരെ നടക്കുന്ന സൈബ‍ർ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് രേഷ്മ ചെയ്തത് പുണ്യപ്രവ‍ൃത്തിയല്ലെന്നായിരുന്നു ജയരാജൻ്റെ മറുപടി.  

പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ചതിൽ രേഷ്മയ്ക്ക് നേതൃപരമായ പങ്കുണ്ട്. മുഖ്യപ്രതിയെ ഒളിവിൽ പാർപ്പിക്കുകയും ഭക്ഷണം ഒരുക്കിക്കൊടുക്കുകയും ചെയ്ത സ്ത്രീയുടെ പെരുമാറ്റം ദുരൂഹമാണ്. ഈ വീട് സിപിഎം മുൻപ് ഒരു പരിപാടിക്ക് വാടകയ്ക്ക് എടുത്തതിൽ രാഷ്ട്രീയം ഇല്ല. പ്രതി ഒളിവിൽ പാ‍ർത്ത രേഷ്മയുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ സിപിഎമ്മിന് ബന്ധമില്ല. 

രേഷ്മ ചെയ്തത് പുണ്യ പ്രവൃത്തിയല്ല. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഇത്തരത്തിൽ പെരുമാറരുത്. പ്രതിയുമായി രേഷ്മയ്ക്കുള്ള ഒളിവിലെ ബന്ധം ദുരൂഹമാണ്. രേഷ്മയുടെ ഭർത്താവ് പ്രശാന്തിന് സിപിഎമ്മുമായി ബന്ധമുണ്ടെന്ന വാ‍ർത്ത തെറ്റാണ്. അണ്ടല്ലൂർ ക്ഷേത്രത്തിലുണ്ടായ ഒരു പ്രശ്നത്തിൽ പ്രശാന്ത് ആർഎസ്എസ് അനുകൂല നിലപാട് എടുത്തിരുന്നു. 

ഹരിദാസ് കൊലപാതകം: പ്രതിയെ പാർപ്പിച്ചത് പിണറായിയിലെ സിപിഎം പ്രവർത്തകന്റെ വീട്ടിൽ

കണ്ണൂര്‍: പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപങ്കുവഹിച്ച നിജിൽ ദാസ് പലവീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ ഈ വീട്ടിലേക്ക് പ്രതി എത്തിയത്. സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മ. രേഷ്മയുടെ ഭ‍ർത്താവ് പ്രവാസിയാണ്. പുതുതായി പണിത വീട് വാടകയ്ക്ക് നൽകി വരാറുണ്ട്. എന്നാൽ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്ത് സിപിഎം ശക്തി കേന്ദ്രത്തിലാണ് ആർഎസ്എസുകാരൻ ഒളിവിലായത് എന്ന വാർത്ത പരന്നതിന് പിന്നാലെ ഇന്നലെ രാത്രി വീടിന് നേരെ ബോംബേറുണ്ടായി. വീട് അടിച്ച് തകർത്ത ശേഷമായിരുന്നു ബോംബേറ്.

ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ പ്രതികരണം. സിപിഎം രാഷ്ട്രീയമായി അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്നും സിപിഎമ്മിന് ഏറെ സ്വാധീനമുള്ള സ്ഥലം ഒളിവിൽ കഴിയാൻ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷില്ലെന്നും കക്കോത്ത് രാജൻ പറഞ്ഞു. പ്രശാന്തിൻ്റെ കുടുംബവുമായി ഇനിയും സഹകരിക്കുമെന്നും സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു. 

രേഷ്മ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നു എന്നും ഭർത്താവ് പ്രശാന്തിന് സിപിഎമ്മുമായി അടുത്തബന്ധമാണ് ഉണ്ടായിരുന്നത് എന്നും പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ പറഞ്ഞു. എന്നാൽ രേഷ്മയും പ്രശാന്തും ആർഎസ്എസുമായി സഹകരിക്കുന്നവർ എന്നാണ് ജില്ലാ സെക്രട്ടറിയുടെ തിരുത്ത്. രേഷ്മയും പ്രതി നിജിൽ ദാസും തമ്മിലുള്ള ദുരൂഹമായ ബന്ധം കാരണമാണ് പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതെന്നാണ് വിശദീകരണം.

മുഖ്യന്ത്രിയുടെ വീടിന് 200 മീറ്റർ മാത്രം അകലെ കൊലക്കേസ് പ്രതി ഒളിച്ചുകഴിഞ്ഞതും ബോംബേറുണ്ടായതും പൊലീസിന്റെ വീഴ്ചയായി. പ്രതിയെ സഹായിച്ച രേഷ്മയുടെ അറസ്റ്റ് മാഹി പൊലീസ് രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ ഇടത് ഗ്രൂപ്പുകളിൽ രേഷ്മയെ സൈബർ അറ്റാക്ക് ചെയ്യുന്ന പോസ്റ്റുകൾ നിറയുന്നുണ്ട്.

 

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും