
കണ്ണൂർ: ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകനെതിരെ വർഗീയ പരാമർശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ വെച്ചായിരുന്നു, ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ ബ്യൂറോ റിപ്പോർട്ടറായ നൗഫൽ ബിൻ യൂസഫിനെതിരെ വർഗീയ പരാമർശനം നടത്തിയത്. നൗഫൽ ബിൻ യൂസഫ് എന്നല്ല നൗഫൽ ബിൻ ലാദൻ എന്ന് വിളിക്കണോയെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മയക്കുമരുന്ന് മാഫിയയെ തുറന്ന് കാട്ടിയ ഏഷ്യാനെറ്റ് ന്യൂസിന്റെ നാർകോടിക്സ് ഈസ് എ ഡേട്ടി ബിസിനസ് എന്ന പരമ്പരയുമായി ബന്ധപ്പെട്ട റിപ്പോർട്ട് വ്യാജമെന്ന് ആരോപിച്ച് സിപിഎം നടത്തിയതായിരുന്നു പ്രതിഷേധ പരിപാടി.
പരിപാടിയിൽ എംവി ജയരാജന്റെ പ്രസംഗത്തിലെ വിദ്വേഷം നിറഞ്ഞ ഭാഗം ഇങ്ങനെ. "ഒസാമ ബിൻ ലാദൻ എന്ന് കേട്ടിട്ടേയുള്ളൂ. നൗഫൽ ബിൻ യൂസഫ് എന്ന പേരിന്റെ സ്ഥാനത്ത് നൗഫൽ ബിൻ ലാദൻ എന്ന് വിളിക്കണോ? ഈ ബിൻ എന്ന് പറയുന്നത് അതിന്റെ കൂടെ ചേർക്കുന്ന പേര് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫൽ എന്നതാണ് ഈ ബിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. മിസ്റ്റർ നൗഫൽ താങ്കളുടെ പിതാവിന് ഉൾക്കൊള്ളാനാവുമോ താങ്കളീ ചെയ്തത്? നേരോടെ നിർഭയമായിട്ടല്ല, നെറികേട് ജനങ്ങളിലെത്തിക്കാനാണ് ഏഷ്യാനെറ്റിന്റെ നൗഫൽ ബിൻ ലാദൻ അല്ല യൂസഫ് മാധ്യമപ്രവർത്തനം നടത്തിയത്,' - എന്നാണ് ജയരാജൻ പ്രസംഗിച്ചത്. കണ്ണൂർ പാനൂർ പൊലീസ് അന്വേഷണം നടത്തിയ ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു എംവി ജയരാജന്റെ പ്രസംഗം.