മാധ്യമങ്ങളല്ല അജണ്ട നിശ്ചയിക്കുന്നതെന്ന് ജോസ് കെ മാണി. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചു വെച്ചോളുമെന്നും ജോസ് കെ മാണി. 

കോട്ടയം: യുഡിഎഫ് പ്രവേശനം തള്ളി കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി. ഇന്നത്തെ യോഗത്തിൽ അതൊന്നും ചർച്ചയാകില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങളല്ല അജണ്ട നിശ്ചയിക്കുന്നത്. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ്. ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചു വെച്ചോളും. കേരള കോൺഗ്രസ്‌ എം എൽഡിഎഫിൽ തന്നെയാണ്. എൽഡിഫിൻ്റെ മേഖല ജാഥ ഒരുക്കങ്ങളടക്കം ഇന്ന് യോഗം ചർച്ച ചെയ്യുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ നേരത്തെ പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള കേരള കോണ്‍ഗ്രസ് എംഎൽഎമാരുടെ പ്രതികരണം. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയര്‍മാൻ ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.

പാര്‍ട്ടിയിൽ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമില്ല. ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടായത് മനംമാറ്റമാണെന്നും മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നണി മാറ്റം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്‍റെ അജണ്ടയിൽ ഇല്ലെന്ന് എൻ ജയരാജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ചയില്ലെന്ന് നേതാക്കള്‍ പരസ്യമായി പറയുമ്പോഴും പാര്‍ട്ടിയിൽ അണിയിറ നീക്കം സജീവമാണെന്നാണ് വിവരം. മുന്നണി മാറിയാൽ റോഷി അഗസ്റ്റ്യൻ അടക്കം മുഴുവൻ ആളുകളെയും ഒന്നിച്ച് യുഡിഎഫിൽ എത്തിക്കാനാണ് പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നത്. ജില്ലാ കമ്മിറ്റികളെയെല്ലാം ഒപ്പം നിർത്താനുള്ള നീക്കങ്ങളും തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം കൂടിയാണ് ഇന്ന് നടക്കുന്നത്.

YouTube video player