
നിർത്തിയിട്ട വാഹനം തനിയെ നീങ്ങി അപകടങ്ങളുണ്ടാക്കുന്നത് ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രതിവിധിയുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ. പാർക്കിംഗ് ബ്രേക്ക് ഇടാതെ ഡ്രൈവർ ഇറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് അടിമാലി സബ് ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദീപുവും കൂട്ടുകാരും ചേർന്ന് വികസിപ്പിച്ചത്.
ചരിവുളള പ്രതലങ്ങളിലുൾപ്പെടെ വാഹനം നിർത്തുമ്പോൾ പലരും അശ്രദ്ധമൂലം ഹാൻഡ് ബ്രേക്ക് ഇടാറില്ല. ഇതോടെ, വാഹനം ഉരുണ്ടുനീങ്ങി അപകടങ്ങളുണ്ടാക്കിയ സംഭവങ്ങൾ നിരവധിയാണ്. ഹാൻഡ് ബ്രേക്ക് മാറ്റാതെ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചാൽ മുന്നറിയിപ്പ് സന്ദേശങ്ങൾ പതിവാണ്. എന്നാൽ ഹാൻഡ് ബ്രേക്ക് ഇടാനുളള നിർദ്ദേശങ്ങൾ വാഹനങ്ങളില്ല. ഈ ചിന്തയാണ് ഹാൻഡ് ബ്രേക്കിൻ്റെ പ്രാധാന്യം ഡ്രൈവർക്ക് ഓർമ്മപ്പെടുത്താനുളള എളുപ്പവഴി കണ്ടെത്താൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ കെ ദീപുവിനെ പ്രേരിപ്പിച്ചത്.
എത്ര തിടുക്കപ്പെട്ടായാലും ഡ്രൈവർ പാർക്കിംഗ് ബ്രേക്ക് ഇടാതെ ഇറങ്ങാൻ ശ്രമിച്ചാൽ മുന്നറിയിപ്പ് സന്ദേശങ്ങൾ വരും. കാറിലെ പാർക്കിംഗ് ബ്രേക്ക് സ്വിച്ചിനോട് ഘടിപ്പിച്ചാണ് ലളിതമായ ഈ സംവിധാനം പ്രവർത്തിക്കുക. ഉപകരണമുണ്ടാക്കാനുളള ചെലവും വാഹനങ്ങളിൽ ഇവ പിടിപ്പിക്കാനുളള വഴിയും എളുപ്പമെന്ന് ദീപു പറയുന്നു. പുതുതലമുറ വാഹനങ്ങളിലുൾപ്പെടെ ഇത്തരം സംവിധാനം നിർമ്മാതാക്കൾക്ക് തന്നെ എളുപ്പം ഉൾപ്പെടുത്താനും സാധിക്കും. വാഹനങ്ങളിൽ ഇത് ഉൾപ്പെടുത്തേണ്ട പ്രാധാന്യവും തന്റെ കണ്ടുപിടിത്തത്തിൻ്റെ വിശദാംശങ്ങളും മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam