
വയനാട്: നിചയമലംഘനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഓര്‍മ്മപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്. വയനാട് കൺട്രോൾ റൂം എ ഐ ക്യാമറയിൽ പതിഞ്ഞ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് എം വി ഡി ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. വളരെ അപകടകരമായും അശ്രദ്ധമായും യാത്ര ചെയ്യുന്ന ഒരു കൂട്ടം ആളുകളെന്നാണ് ചിത്രത്തെ കുറിച്ച് എം വി ഡി പറയുന്നത്. ഈ ഭൂമിയിലുള്ള ഓരോ വ്യക്തിക്കും അവരുടേതായ താത്പര്യങ്ങളും അവകാശങ്ങളുമുണ്ട്.
ഓരോരുത്തരും അവനവന്‍റെ താത്പര്യത്തിനും അവകാശത്തിനും അനുസരിച്ച് ജീവിക്കാൻ മത്സരിക്കുമ്പോൾ പ്രാധാന്യം നൽകേണ്ട ഒന്നാണ് മറ്റുള്ളവരുടെ അവകാശങ്ങളെയും, താത്പര്യങ്ങളെയും ബഹുമാനിക്കുക എന്നുള്ളത്. വിദ്യാഭ്യാസം നേടുന്നതു കൊണ്ട് മാത്രമല്ല മറിച്ച് സ്വമേധയാ നിയമങ്ങൾ അനുസരിക്കുക കൂടി ചെയ്യുമ്പോഴാണ് മനുഷ്യൻ സംസ്കാരമുള്ളവനായി മാറുന്നത്. നാമൊരു സമൂഹത്തിൽ ജീവിക്കുമ്പോൾ മറ്റുള്ള ആളുകളെ കൂടി പരിഗണിക്കുക എന്നുള്ളത് സമൂഹത്തിന്‍റെ സുഗമമായ നിലനിൽപ്പിന് അത്യാവശ്യമായ ഒരു ഘടകമാണ്.
വ്യക്തികൾ ഇത്തരത്തിൽ നിയമലംഘനം നടത്തുമ്പോൾ എന്താണ് അവർ സമൂഹത്തിനും വരുംതലമുറയ്ക്കും പകർന്നു നൽകുന്ന പാഠങ്ങളെന്ന് എം വി ഡി ചോദിക്കുന്നു. ചില വ്യക്തികളുടെ ആഘോഷങ്ങൾക്കും സന്തോഷ പ്രകടനങ്ങൾക്കും പൊതുനിരത്തുകൾ വേദിയാകുമ്പോൾ അതിന് ഇരയായിത്തീരുന്നത് യാതൊരു തെറ്റും ചെയ്യാത്ത, മറ്റൊരു വ്യക്തിയോ, കുടുംബമോ ആയിരിക്കാം. പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് എത്രയൊക്കെ അവബോധം നൽകിയാലും ചില ആളുകൾ ബോധപൂർവ്വം നിയമം ലംഘിക്കുന്നതിൽ തൽപരരാണ്. ഇത്തരത്തിൽ ബോധപൂർവ്വം നിയമലംഘനം നടത്തി ആത്മസംതൃപ്തി അടയുന്ന പ്രവണത മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും എം വി ഡി കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം