Asianet News MalayalamAsianet News Malayalam

സ്വർണം പൂശിയ തേക്കിൻ വാതിൽ, കേരളത്തിൽ നിന്നടക്കം എത്തിച്ച തടി; 1,800 കോടി ചെലവിൽ നിർമ്മിച്ച രാമക്ഷേത്രം

235 അടി വീതിയും 360 അടി നീളവും 161 അടി ഉയരവും 54,700 ചതുരശ്രയടി വിസ്തീര്‍ണവുമാണ് ക്ഷേത്രത്തിന്. 2.7 ഏക്കറിലാണ് പ്രധാന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രദക്ഷിണ വഴി കൂടി ചേര്‍ക്കുമ്പോള്‍ ഇത് ഒന്‍പതേക്കറോളം വരും

The gold plated teak door wood brought kerala too ayodhya Ram temple built at a cost of 1,800 crores btb
Author
First Published Jan 22, 2024, 8:48 AM IST

അയോധ്യ: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഹിന്ദു ക്ഷേത്രം എന്ന ഖ്യാതിയോടെയാണ് അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നിട്ടുള്ളത്. 1,800 കോടിയില്‍ അധികം ചെലവാക്കിയാണ് അത്യാധുനിക രീതിയിലുള്ള ക്ഷേത്ര നിർമാണം. ക്ഷേത്ര നിർമാണത്തിന് സംഭവനയായി ലഭിച്ചത് 2500 കോടിയിലേറെ രൂപയാണ്. 2.7 ഏക്കറില്ലായാണ് പ്രധാന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനില്‍ നിന്ന് പിങ്ക് നിറത്തിലുള്ള കല്ലുകള്‍, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി ഗ്രാനൈറ്റും എത്തിച്ചു.

ക്ഷേത്ര ഗോപുരത്തിന് 161 അടിയാണ് ഉയരം. മൂന്ന് നിലകളിലായാണ് ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. തേക്കില്‍ തീര്‍ത്ത 44 വാതിലുകളുണ്ട്. കേരളം, മഹാരാഷ്ടട്ര എന്നിവടങ്ങളില്‍ നിന്നാണ് തേക്കിന്‍ തടി എത്തിച്ചത്. പ്രധാന ക്ഷേത്രത്തിനൊപ്പം ഏഴ് ഉപക്ഷേത്രങ്ങളുമുണ്ട്. ദ്രാവിഡ ശൈലിയില്‍ 14 അടി വീതിയില്‍ ചുറ്റുമതില്‍ പണിതിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ നിർമാണത്തിന് കോൺക്രീറ്റോ ഇരുമ്പോ ഉപയോഗിച്ചില്ലെന്നുള്ളതും പ്രത്യേകതയാണ്.

കോടികള്‍ മുടക്കി അത്യാധുനിക രീതിയില്‍ എഴുപത് ഏക്കറിൽ നിര്‍മ്മിച്ചിട്ടുള്ള ക്ഷേത്രം മഹാപ്രളയങ്ങളെയും ഭൂകമ്പങ്ങളെയും പോലും അതിജീവിക്കുമെന്നും ആയിരം വര്‍ഷം പിന്നിട്ടാലും തകരാത്ത നിര്‍മാണമാണെന്നുമാണ് അവകാശവാദം. സര്‍ക്കാരിന്‍റെ പണം എടുക്കാതെ വിശ്വാസികളില്‍ നിന്നാണ് പണം സ്വരൂപിച്ചത്. വിശ്വാസികളില്‍ നിന്ന് ട്രസ്റ്റിന് ലഭിച്ചത് 2,500 കോടിയിലേറെ രൂപയാണ്. രാമക്ഷേത്ര നിര്‍മാണത്തിനാവശ്യമായ ചെലവായി ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത് 1,800 കോടി രൂപയാണ്.

235 അടി വീതിയും 360 അടി നീളവും 161 അടി ഉയരവും 54,700 ചതുരശ്രയടി വിസ്തീര്‍ണവുമാണ് ക്ഷേത്രത്തിന്. 2.7 ഏക്കറിലാണ് പ്രധാന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രദക്ഷിണ വഴി കൂടി ചേര്‍ക്കുമ്പോള്‍ ഇത് ഒന്‍പതേക്കറോളം വരും. മ്യൂസിയവും മറ്റ് നിര്‍മിതികളും കൂടി ചേരുമ്പോള്‍ അയോധ്യയിലെ രാമക്ഷേത്രം 70 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരേന്ത്യയിലെ ക്ഷേത്ര നിർമാണത്ത രീതിയായ നഗർ ശൈലിയും ദക്ഷിണേന്ത്യയുടെ ദ്രാവിഡ ശൈലിയും ഇതിനൊപ്പം രാജ്യത്തിന്‍റെ എന്‍ജിനിയറിങ് മികവും കൂടിച്ചേരുന്നു.

രാജസ്ഥാനിലെ ഭരത്പൂറിന്റെ പിങ്ക് നിറമുള്ള കല്ലുകളും തെലങ്കാന, കർണാടക എന്നിവടങ്ങളിലെ ഗ്രാനൈറ്റും കേരളത്തിലെ തേക്കും അടക്കം ഉപയോഗിച്ചാണ് ക്ഷേത്ര നിര്‍മാണം നടത്തിയിട്ടുള്ളത്. ഏകദേശം 4.7 ലക്ഷം അടി സാൻഡ് സ്റ്റോൺ ഇതിനായി ഉപയോഗിച്ചു. ക്ഷേത്രം ഗോപുരത്തിന് 161 അടി ഉയരം. ഗ്രൗണ്ട്, ഒന്നാം നില, രണ്ടാം നില എന്നീ മൂന്ന് തലങ്ങളിലാണ് ക്ഷേത്രം. ഓരോ നിലയ്‌ക്കും 20 അടി ഉയരമുണ്ടാകും.

താഴെത്തെ നിലയില്‍ 166 തൂണുകള്‍, ഒന്നാം നിലയില്‍ 144 തൂണുകള്‍ രണ്ടാം നിലയില്‍ 82 തൂണുകളും ഉണ്ടാകും. ശ്രീകോവിലിന്റെ വാതിൽ തീര്‍ത്തിരിക്കുന്നത് തേക്കിലാണ്. പിന്നീട് ഇതില്‍ സ്വര്‍ണം പൂശി മനോഹരമാക്കി. 44 വാതിലുകളുണ്ട്. താഴത്തെനിലയിൽ 18 വാതിലുകൾ. ഇതിനാവശ്യമായി തേക്ക് എത്തിച്ചത് മഹാരാഷ്ട്രയിലെ അലപള്ളി വനത്തിൽ നിന്നും കേരളത്തില്‍ നിന്നുമാണ്. താഴെനിലയിലാണ് രാം ലല്ല. ശ്രീകോവിലില്‍ രാജസ്ഥാനിൽനിന്നുള്ള വെളുത്തനിറമുള്ള മക്രാന മാർബിളാണ് പാകിയിരിക്കുന്നത്. പ്രധാന ക്ഷേത്രത്തിനൊപ്പം ഏഴ് ഉപക്ഷേത്രങ്ങളുമുണ്ട്.

വത്മീകി, വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, നിഷാദ രാജാവ്, ശബരി, അഹല്യ എന്നിങ്ങനെയാണ് മറ്റ് പ്രതിഷ്ഠകള്‍. ജഡായുവിനും ഇവിടെ ഇടമുണ്ട്. പുറമേ കാണുന്ന കാഴ്ചയില്‍ മാത്രമല്ല. ഭൂമിക്ക് അടിയിലുമുണ്ട് അമ്പരപ്പിക്കുന്ന നിര്‍മാണ വൈഭവം. 14 അടി താഴ്ചയിൽ മണ്ണുനീക്കി അവിടെ 56 അടുക്കുകളായി കോൺക്രീറ്റ് നിറച്ച് അടിത്തറ നിര്‍മിച്ചു. ഇതിനൊപ്പം 17,000 ഗ്രാനൈറ്റ്‌ കല്ലുകളും വിരിച്ചിട്ടുണ്ട്. മണ്ണിനടിയിൽ കോൺക്രീറ്റ് ഉണ്ടെങ്കിലും ക്ഷേത്രത്തിന്റെ നിർമാണത്തിന് കോൺക്രീറ്റോ ഇരുമ്പോ ഉപയോഗിച്ചിട്ടില്ല. ദ്രാവിഡ ശൈലിയില്‍ ക്ഷേത്രത്തെ വലയം ചെയ്ത് 14 അടി വീതിയില്‍ ചുറ്റുമതില്‍. രണ്ടുനില കെട്ടിടത്തിന്റെ ഉയരം വരും മതിലിന്. ശ്രീകോവിലിലെ ശ്രീരാമവിഗ്രഹത്തില്‍ എല്ലാ വര്‍ഷവും രാമനവമി ദിനത്തില്‍ ഉച്ചയ്‌ക്ക് സൂര്യരശ്മികള്‍ പതിക്കും. രാമക്ഷേത്രം പൂര്‍ണമായും രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ പ്രതിദിനം രണ്ട് ലക്ഷം ഭക്തരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

10 രൂപയ്ക്ക് 15 കി.മീ സഞ്ചിരിക്കാം; അത് മാറ്റിപ്പിടിക്കുമോ, ഗണേഷിന്‍റെ മനസിലെന്ത്! നിർണായകമാവുക റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios