
മലപ്പുറം: വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്ന് കാണിച്ച് വാട്‌സാപ്പിലൂടെയും മൊബൈല്‍ സന്ദേശങ്ങളിലൂടെയും എത്തുന്ന വ്യാജ ഇ-ചലാന്‍ സന്ദേശങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. പിഴ അടയ്ക്കാനെന്ന പേരില്‍ വ്യാജ ലിങ്കുകള്‍ അയച്ച് വാഹന ഉടമകളില്‍ നിന്ന് ബാങ്കിങ് വിവരങ്ങളും പണവും തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന് അധികൃതര്‍ അറിയിച്ചു. ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്നും ഉടന്‍ പണമടച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അറിയിച്ചാണ് പലര്‍ക്കും സന്ദേശങ്ങള്‍ ലഭിക്കുന്നത്. സന്ദേശത്തോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ പ്രവേശിച്ച് പിഴ അടയ്ക്കാനും ആവശ്യപ്പെടും. എന്നാല്‍ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് എംവിഡി നൽകുന്ന മുന്നറിയിപ്പ്.
വാഹനത്തിന് നിലവില്‍ ചലാന്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇ-ചലാന്‍ വെബ്സൈറ്റ് https://echallan.parivahan.gov.in/ മാത്രം ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വാഹന നമ്പറോ ചലാന്‍ നമ്പറോ നല്‍കി രാജ്യത്ത് എവിടെ രജിസ്റ്റര്‍ ചെയ്ത ചലാനുകളുടെയും വിശദാംശങ്ങള്‍ പരിശോധിക്കാനും ഔദ്യോഗിക സംവിധാനത്തിലൂടെ പിഴ അടയ്ക്കാനും സാധിക്കും. വാട്‌സാപ്പ്, എസ്.എം.എസ്. തുടങ്ങിയവയില്‍ ലഭിക്കുന്ന ലിങ്കുകള്‍ ഔദ്യോഗികമാണെന്ന് തോന്നിയാലും നേരിട്ട് അതില്‍ പ്രവേശിക്കാതെ വെബ് ബ്രൗസറില്‍ ഔദ്യോഗിക ഇ-ചലാന്‍ വെബ്‌സൈറ്റ് സ്വയം ടൈപ്പ് ചെയ്ത് പരിശോധിക്കുന്നതാണ് സുരക്ഷിതം. പിഴ അടയ്ക്കുന്നതിനിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എ.ടി.എം/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, പിന്‍, ഒ.ടി.പി., നെറ്റ് ബാങ്കിങ് പാസ്വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഓണ്‍ലൈനായി പിഴ അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സമീപത്തെ അക്ഷയ കേന്ദ്രങ്ങളോ അംഗീകൃത ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളോ വഴി പണമടയ്ക്കാം. കോടതി നടപടികളിലേക്ക് മാറ്റിയ ചലാനുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ബന്ധപ്പെട്ട ആര്‍.ടി. ഓഫീസുമായോ പോലീസ് സ്റ്റേഷനുമായോ നേരിട്ട് ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ പേരില്‍ ലഭിക്കുന്ന സന്ദേശങ്ങളാണെങ്കിലും സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. വാട്‌സാപ്പില്‍ ലഭിക്കുന്ന സന്ദേശത്തെക്കാള്‍ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ മാത്രം വിശ്വസിച്ച് പിഴ അടയ്ക്കുന്നതാണ് സുരക്ഷിതം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam