സിഎംആർഎൽ കേസിൽ പുറത്തുവന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. മുഹമ്മദ് റിയാസിന്റെ റെഡ് ബുക്കിലെ 20 കോടിയുടെ ഉറവിടം വ്യക്തമാക്കണമെന്നും പിണറായി വിജയനെയും റിയാസിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം: സിഎംആർഎൽ കേസിൽ നിലവിൽ പുറത്തുവന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. റെഡ് ബുക്കിൽ ഭാവി പരിപാടികൾ എഴുതിയെന്ന് മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ് സമ്മതിച്ചിട്ടുണ്ടെന്നും ഇതിലെ 20 കോടി രൂപ എവിടെനിന്ന് വന്നു എന്ന് റിയാസ് വ്യക്തമാക്കണമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. ഇന്ന് ചേരുന്ന സിപിഎം വിശാല സമിതി റിയാസിനെയും പിണറായി വിജയനെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നടപടിയെടുക്കണം. പാർട്ടി നേതാക്കളുടെ സ്വത്ത് സംബന്ധിച്ച് ഇരുവരും വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്ത് സഹായമാണ് നൽകിയതെന്ന് പിണറായി വിജയൻ ചോദിക്കുമ്പോൾ, ഇൻവോയ്സ് ഇല്ലാതെ 85 ലക്ഷം രൂപ വാങ്ങിയത് കൈക്കൂലിയല്ലേ എന്ന് ചോദ്യമുയരുന്നു. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും എകെജി സെന്റർ വിലാസമാക്കി ബിസിനസ് ചെയ്യാൻ സാധിക്കുമോ എന്നത് അധികാര ദുർവിനിയോഗമാണ്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എംഡി വീണയുടെ കമ്പനിയിൽ ഉണ്ടായിരുന്നുവെന്നും, പണം നൽകിയതായി സിഎംആർഎൽ കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ മൊഴി നൽകിയിട്ടുണ്ടെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. മന്ത്രിമാരോ ബന്ധുക്കളോ ഏതെങ്കിലും കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ പാടില്ലെന്ന പെരുമാറ്റച്ചട്ടം ഇവിടെ ലംഘിക്കപ്പെട്ടു. ഹൈക്കോടതി പരിസ്ഥിതി വിഷയങ്ങളിലെ സ്റ്റാൻഡിങ് കൗൺസിലായ നവീൻ, പിണറായിയുടെ അനിയത്തിയുടെ മകനാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
മുസ്ലിം ലീഗ് നേതാക്കളുടെ വീട്ടിൽ പരിശോധന നടത്തി കൂടുതൽ ഹവാല ഇടപാടുകൾ പുറത്തുകൊണ്ടുവരണമെന്നാണ് കെ. ടി. ജലീൽ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ മുസ്ലിം ലീഗ് നേതൃത്വത്തെ ഭയന്നാണ് മുഖ്യമന്ത്രി അന്വേഷണം നടത്താത്തത്. ഇ.ഡി ആവശ്യപ്പെട്ടിട്ടും കേസ് എടുക്കാത്ത വി.ഡി. സതീശന്റെ നിലപാട് പിണറായിയോടുള്ള സ്നേഹം കൊണ്ടുമാത്രമല്ല, മലബാർ മേഖലയിൽ സമാന്തര സാമ്പത്തിക വ്യവസ്ഥയുണ്ടാക്കാൻ ശ്രമിക്കുന്ന ലീഗ് നേതാക്കളിലേക്ക് ഹവാല അന്വേഷണം എത്തും എന്നത് കൊണ്ടാണ്. ഇതിന് മുഹമ്മദ് റിയാസും കൂട്ടുനിൽക്കുകയാണ്.
2024 ജനുവരി 31-ന് എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണ് വിറളി പൂണ്ട് പണം വിദേശത്തേക്ക് കടത്തിയത്. ഇതിൽ പറയുന്ന 20 കോടി രൂപ പിണറായി വിജയന്റെ ഭാര്യയുടെ പെൻഷൻ തുകയല്ല. നിലവിൽ പണം കടത്തിയിട്ടുള്ളവർ റിയാസിന്റെ സുഹൃത്തുക്കളാണ്. രാജ്യവിരുദ്ധമായ കാര്യങ്ങൾ അറിയാവുന്ന കെ. ടി. ജലീലിനെ ഇ.ഡി ചോദ്യം ചെയ്യണം. ഹവാല എന്ന് കേട്ടാൽ മുഖ്യമന്ത്രിയുടെയും വി. ഡി. സതീശന്റെയും കാല് വിറയ്ക്കുമെന്നും ഇരുവരും തമ്മിൽ കൂട്ടുകച്ചവടമാണ് നടക്കുന്നതെന്നും വിമർശനമുണ്ട്.
മണലും ബോക്സൈറ്റും കടത്തിയ കേസിൽ പ്രതിയായ, കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് മുൻ ചെയർമാൻ ടി. കെ. ഗോവിന്ദന്റെ കേസ് ഒത്തുതീർപ്പാക്കിയത് പിണറായിയാണ്. ആ സ്നേഹമാണ് ടി. കെ. ഗോവിന്ദൻ കഴിഞ്ഞ ദിവസം പിണറായിയെ പിന്തുണച്ചതിലൂടെ കണ്ടതെന്നും ഷോൺ ജോർജ് ആരോപിച്ചു.
