'ജയതിലക് ചുടുചോറ് വാരാൻ പറയും, വാരാതിരിക്കുന്നതാണ് ബുദ്ധി', വീണ്ടും ചീഫ് സെക്രട്ടറിക്കെതിരെ എൻ പ്രശാന്ത് ഐഎഎസ്

Published : Jul 09, 2025, 03:20 PM IST
N Prasanth, A Jayathilak

Synopsis

മറുപടികൾ പരമാവധി താമസിപ്പിക്കാനും മുട്ടാപ്പോക്ക് പറ‌ഞ്ഞ് വിവരങ്ങൾ നിഷേധിക്കാനും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയെന്നും എൻ പ്രശാന്ത് ആരോപിക്കുന്നത്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ വീണ്ടും രൂക്ഷ വിമ‍ർശനവുമായി എൻ പ്രശാന്ത് ഐഎഎസ്. വിവരാവകാശ രേഖപ്രകാരം എൻ പ്രശാന്ത് നൽകിയ അപേക്ഷകൾ സംബന്ധിച്ച് നിയമ വിരുദ്ധമായ നി‍ർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി നൽകിയെന്നാണ് ആരോപണം. മറുപടികൾ പരമാവധി താമസിപ്പിക്കാനും മുട്ടാപ്പോക്ക് പറ‌ഞ്ഞ് വിവരങ്ങൾ നിഷേധിക്കാനും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയെന്നും എൻ പ്രശാന്ത് ആരോപിക്കുന്നത്. നിയമം വിട്ട് സ്റ്റേറ്റ്‌ പബ്ലിക്‌ ഇൻഫൊർമ്മേഷൻ ഓഫീസർമാർ പ്രവർത്തിച്ചാൽ അത് ക്രിമിനൽ ഗൂഡാലോചനയാവുമെന്ന മുന്നറിയിപ്പാണ് എൻ പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. 

വിവരങ്ങൾ മറച്ച്‌ വെക്കുകയോ, ഓവർ സ്മാർട്ടായി ഡോ.ജയതിലക്‌ പറയും പ്രകാരം പ്രവർത്തിക്കുകയോ ചെയ്ത്‌ ഈ കുറ്റകൃത്യത്തിന്റെ ഭാഗമാവാതിരിക്കുക. ചോദ്യങ്ങൾക്ക്‌ നിയമാനുസരണം മറുപടി പറഞ്ഞ്‌ മുന്നോട്ട്‌ പോകാം. സമയലാഭമുണ്ട്‌. നമുക്ക്‌ നാളെയും കാണണ്ടേ? ഡോ.ജയതിലക്‌ ചുടു ചോറ്‌ വാരാൻ പറയും, വാരാതിരിക്കുന്നതാണ്‌ ബുദ്ധിയെന്നും വിശദമാക്കിയാണ് എൻ പ്രശാന്തിന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പൊതുപണിമുടക്കിനിടയിലും ഇന്ന് രാവിലെ ഡോ.ജയതിലക്‌ സെക്രട്ടേറിയറ്റിലെ എല്ലാ സ്റ്റേറ്റ്‌ പബ്ലിക്‌ ഇൻഫൊർമ്മേഷൻ ഓഫീസർമാരെയും (SPIO) വിളിച്ച്‌ വരുത്തി, വിവിധ വകുപ്പുകളിൽ ഞാൻ നൽകിയിട്ടുള്ള വിവരാവകാശ അപേക്ഷകൾ തീർപ്പാക്കുന്ന‌തുമായി ബന്ധപ്പെട്ട്‌ നിയമവിരുദ്ധമായ നിർദ്ദേശങ്ങൾ നൽകിയതായി അറിഞ്ഞു. ഡോ.ജയതിലകിനെ കാണിച്ച് അനുമതി വാങ്ങിയ ശേഷമേ എന്തുത്തരവും നൽകാവൂ എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്‌. മറുപടികൾ പരമാവധി താമസിപ്പിക്കാനും, മുട്ടാപ്പോക്ക്‌ പറഞ്ഞ്‌ വിവരങ്ങൾ നിഷേധിക്കാനും അദ്ദേഹം പറഞ്ഞതായി യോഗത്തിലുണ്ടായവർ അറിയിക്കുന്നു. അതാത്‌ SPIO ആണ്‌ നിയമപ്രകാരം statutory authority. അതിൽ ഡോ.ജയതിലകിന്‌ കൈകടത്താനാവില്ല. അദ്ദേഹം അപ്പീൽ അഥോറിറ്റി പോലുമല്ല.

ഡോ.ജയതിലക്‌ കൃത്രിമം നടത്തിയ ഫയലുകളുടെ കൃത്യമായ വിവരങ്ങളാണ്‌ ചോദിച്ചിരിക്കുന്നത്‌. ഈ-ഓഫീസിലെ തിരിമറിയും അനധികൃതമായി മറ്റ്‌ ഉദ്യോഗസ്ഥരുടെ password protected അക്കൗണ്ടുകളിൽ backend ലൂടെ access എടുത്തതും, അതിനായി വ്യാജ രേഖകൾ upload ചെയ്തതും ഒക്കെ ചോദ്യങ്ങളായി കൊടുത്തിട്ടുണ്ട്‌. IT Act പ്രകാരം ക്രിമിനൽ കുറ്റമാണിത്‌ എന്ന് പറയേണ്ടതില്ലല്ലോ. അച്ചടക്ക നടപടി സംബന്ധിച്ചുള്ള നിയമലംഘനങ്ങളും വിവരാവകാശപ്രകാരം ചോദിച്ചിട്ടുണ്ട്‌. എത്ര മറച്ച്‌ വെച്ചാലും ആത്യന്തികമായി ഇതൊക്കെ കോടതിയിലെത്തും എന്നറിയില്ലെന്ന് തോന്നുന്നു!

ഒന്നോർക്കുക, വിവരാവകാശ നിയമം മാത്രമല്ല ഇവിടെ പ്രസക്തമായിട്ടുള്ളത്‌. ക്രിമിനൽ കേസിൽ തെളിവ്‌ നശിപ്പിക്കാനും കുറ്റം ഒളിപ്പിച്ച്‌ വെക്കാനും നിയമ നടപടികൾ വൈകിപ്പികാനും കൂട്ടുനിൽക്കുന്നവർക്കെതിരെയും BNS പ്രകാരവും IT Act പ്രകാരവും കേസ്‌ വരും.

മാസ്റ്റർ ഫയലുകളും മുൻപ്‌ IT വകുപ്പ്‌ ഉദ്യോഗസ്ഥർ രേഖാമൂലം ഇത്‌ സംബന്ധിച്ച്‌ നടത്തിയ കുറ്റസമ്മതവും എന്റെ പക്കലുണ്ട്‌ എന്നത്‌ ഫയലുകൾ നോക്കിയാൽ അറിയാം. വക്കീൽ പണി കഴിഞ്ഞ്‌ വന്നത്‌ കൊണ്ട്‌ ചോദ്യങ്ങൾക്ക്‌ പല റൗണ്ടായിട്ടുള്ള ക്രോസ്‌ എക്സാമിനേഷന്റെ സ്വഭാവം ഉണ്ട്‌. ഒരെണ്ണം പോലും exempted ആയതല്ല എന്നുറപ്പിക്കിയിട്ടാണ്‌ ചോദിച്ചിരിക്കുന്നത്‌ എന്ന് എല്ലാ SPIO കളും മനസ്സിലാക്കുക. അഭിപ്രായങ്ങൾ അല്ല, നിങ്ങൾ കൈവശം വെച്ചിരിക്കുന്ന information മാത്രമാണ്‌ ചോദിച്ചിരിക്കുന്നത്‌. ഇന്ന് നടന്ന മീറ്റിങ്ങിന്റെ CCTV ദൃശ്യങ്ങളും രേഖകളും വേറെ ചോദിക്കുന്നുണ്ട്‌. നിയമം വിട്ടാണ്‌ SPIO പ്രവർത്തിക്കുന്നതെങ്കിൽ ഈ മീറ്റിംഗ്‌ ക്രിമിനൽ ഗൂഢാലോചനയായി കണക്കാക്കാൻ പറ്റും എന്നും ഓർക്കുക. വിവരങ്ങൾ മറച്ച്‌ വെക്കുകയോ, ഓവർ സ്മാർട്ടായി ഡോ.ജയതിലക്‌ പറയും പ്രകാരം പ്രവർത്തിക്കുകയോ ചെയ്ത്‌ ഈ കുറ്റകൃത്യത്തിന്റെ ഭാഗമാവാതിരിക്കുക. ചോദ്യങ്ങൾക്ക്‌ നിയമാനുസരണം മറുപടി പറഞ്ഞ്‌ മുന്നോട്ട്‌ പോകാം. സമയലാഭമുണ്ട്‌. നമുക്ക്‌ നാളെയും കാണണ്ടേ?

ഡോ.ജയതിലക്‌ ചുടു ചോറ്‌ വാരാൻ പറയും, വാരാതിരിക്കുന്നതാണ്‌ ബുദ്ധി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ