തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്ത് മാറ്റം, പുതിയ പ്രസിഡന്‍റ് എൻ വാസു

By Web TeamFirst Published Oct 31, 2019, 6:08 PM IST
Highlights

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ പത്മകുമാറിന്റെ കാലാവധി തീരുന്ന ഒഴിവുകളിലേക്കാണ് സിപിഎമ്മിന്റെ നോമിനിയായി എൻ വാസു പ്രസിഡന്റായും സിപിഐ സംസ്ഥാനകൗൺസിൽ അംഗം അഡ്വ കെ എസ് രവി അംഗവുമായും അതത് പാർട്ടികൾ നിർദ്ദേശിച്ചത്.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ കമ്മീഷണർ എൻ വാസുവിനെ പരിഗണിക്കുന്നു. അഡ്വ കെ എസ് രവി അംഗമാകും. ഇതിനിടെ, ദേവസ്വം ബോ‍ർഡ് നിയമനത്തിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ പത്മകുമാറിന്റെയും അംഗം കെ പി ശങ്കർദാസിന്റെ കാലാവധി അടുത്ത 14ന് തീരുകയാണ്. ഈ ഒഴിവുകളിലേക്കാണ് സിപിഎമ്മിന്റെ നോമിനിയായി എൻ വാസു പ്രസിഡന്റായും സിപിഐ സംസ്ഥാനകൗൺസിൽ അംഗം അഡ്വ കെ എസ് രവി അംഗവുമായും അതത് പാർട്ടികൾ നിർദ്ദേശിച്ചത്. ദേവസ്വം ബോർഡ് കമ്മീഷണറായിരുന്ന എൻ വാസു അറിയപ്പെടുന്ന നിയമവിദഗ്ധനാണ്.  ചുനക്കര സ്വദേശിയായ കെ എസ് രവി സിപിഐയുടെ ആലപ്പുഴയിലെ പ്രമുഖ നേതാവാണ്. ഓദ്യോഗിക തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ, സുപ്രധാനമായ തീരുമാനവുമായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രംഗത്തെത്തി. മുന്നോക്കക്കാരിൽ സാമ്പത്തികമായ പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയ എൽഡി ക്ലർക്ക് റാങ്ക് പട്ടിക തയ്യാറാക്കി. എല്ലാ ദേവസ്വത്തിലും പന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണവും വർദ്ധിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സാമ്പത്തികസംവരണം നടപ്പാക്കുന്നത്. രണ്ട് വർഷം മുൻപ് പ്രഖ്യാപിച്ച സമ്പത്തിക സംവരണമാണ് ഇപ്പോൾ നടപ്പാക്കുന്നത്. ദേവസ്വം ബോർഡുകൾ അനധികൃതമായ താല്ക്കാലിക നിയമനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് തടയേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

click me!