ശബരിമലയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങൾ കുറ്റവാളികളായ സ്വന്തക്കാരെ സംരക്ഷിക്കാനാണെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. തെളിവ് നശിപ്പിക്കാനാണോ നേതാക്കൾ തന്ത്രിയെ സന്ദർശിച്ചതെന്നും അദ്ദേഹം ചോദിച്ചു.

തൃശൂർ: ശബരിമലയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങൾ കള്ളന്മാരെ പിടികൂടാനല്ല, മറിച്ച് കുറ്റവാളികളായ തങ്ങളുടെ സ്വന്തക്കാരെ സംരക്ഷിച്ചു നിർത്താനാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്വർണം കട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതല്ല ബിജെപിയുടെ യഥാർത്ഥ ആവശ്യം. തങ്ങളുടെ നിഗൂഢ താല്പര്യങ്ങൾ സംരക്ഷിക്കുന്നവരെ എന്ത് വിലകൊടുത്തും രക്ഷിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ അജണ്ട.

ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ പരിപാടികൾ ആർക്കെതിരെയാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. നിലവിൽ അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നത് ബഹുമാനപ്പെട്ട ഹൈക്കോടതിയാണ്. അപ്പോൾ ബിജെപിയുടെ ഈ സമരം ഹൈക്കോടതിക്ക് എതിരെയാണോ? ഇക്കാര്യം ജനങ്ങളോട് തുറന്നുപറയാനുള്ള ആർജ്ജവം അവർ കാണിക്കണം.

അയ്യപ്പ വിശ്വാസികളെക്കാൾ കുറ്റവാളികളോടാണ് ബിജെപിക്ക് കൂറ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഭക്തരുടെ വികാരം വെച്ച് മുതലെടുപ്പ് നടത്തുന്നവർ ഇപ്പോൾ കള്ളന്മാർക്കുവേണ്ടി കവചം തീർക്കുന്നത് വിരോധാഭാസമാണ്.സംസ്ഥാന ഏജൻസിയുടെ അന്വേഷണം കൃത്യമായി നടക്കുമ്പോൾ, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് ബിജെപിയുടെ ഉള്ളിലെ ഭയത്തിന്‍റെ പ്രതിഫലനമാണ്. സത്യം പുറത്തുവരുമെന്നും തങ്ങളുടെ പങ്ക് വെളിപ്പെടുമെന്നും അവർ ഭയപ്പെടുന്നുണ്ട്. തന്ത്രിയുടെ താമസസ്ഥലത്ത് നേതാക്കൾ അടിയന്തരമായി സന്ദർശനം നടത്തിയത് എന്തിനാണെന്ന് ബിജെപി വ്യക്തമാക്കണം. അത് തെളിവ് നശിപ്പിക്കാനാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.