
തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസ് കത്തിക്കയറിയ നാളുകളില്‍ എല്ലാ മാധ്യമങ്ങളും തന്നോട് അനീതി കാട്ടിയപ്പോള്‍ സത്യത്തിനൊപ്പം നിന്നത് ഏഷ്യാനെറ്റ് ന്യൂസും എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ടി എന്‍ ഗോപകുമാറും ആയിരുന്നുവെന്ന് നമ്പി നാരായണന്‍. എല്ലാ കടപ്പാടും ഏഷ്യാനെറ്റ് ന്യൂസിനോടാണെന്നും അദ്ദേഹം പ്രതികരിച്ചു. ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സി ബി ഐ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണം തേടി അടുത്തെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലായിരുന്നു നമ്പി നാരായണന്റെ പ്രതികരണം. 'ഇതില്‍ ഏഷ്യാനെറ്റിന്റെ ആളാരാണ്' എന്ന് അന്വേഷിച്ച ശേഷമായിരുന്നു, അദ്ദേഹം, ആരും കൂടെയില്ലാത്ത കാലത്ത് ഒപ്പം നിന്ന ഏഷ്യാനെറ്റ് ന്യൂസിനോടുള്ള കടപ്പാട് വ്യക്തമാക്കിയത്.
''ചാരക്കേസ് നടന്നുവെന്ന് എല്ലാ മീഡിയയയും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച് ഏഷ്യാനെറ്റിന്റെ ടി എന്‍ ഗോപകുമാര്‍ ഇവിടെ വന്നു. ഇത് കള്ളക്കേസാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്ന് പറഞ്ഞ് തന്റെ ആഗമനോദ്ദേശ്യം പറഞ്ഞു. അദ്ദേഹം കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചു. സംസാരിക്കാമോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍, ആ സമയത്തെ മാധ്യമങ്ങളുമായുള്ള അനുഭവങ്ങള്‍ വെച്ച്, സംസാരിക്കാന്‍ തയ്യാറാവാതെ പുറത്തുപോവാനാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞ്, ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. 'കണ്ണാടി' പ്രോഗ്രാമിന് വേണ്ടിയായിരുന്നു ആ അഭിമുഖം. ആ പ്രോഗ്രാമാണ് സത്യത്തില്‍ ഈ കേസില്‍ വഴിത്തിരിവായത്. അത്ര കണ്‍വിന്‍സിംഗായിരുന്നു ആ ഇന്റര്‍വ്യൂ. ഞാന്‍ ചില കണ്ടീഷന്‍സ് പറഞ്ഞിരുന്നു. അണ്‍ എഡിറ്റഡ് ആയിരിക്കണം. ഇടയ്ക്ക് തടസ്സപ്പെടുത്തരുത് എന്നൊക്കെ. അതൊക്കെ അദ്ദേഹം സമ്മതിച്ചു. അങ്ങനെയായിരുന്നു ആ അഭിമുഖം നടന്നത്. സാധാരണ 23 മിനിറ്റായിരുന്നു 'കണ്ണാടി'. എന്നാല്‍, അന്ന് ആ അഭിമുഖം ഒരൊറ്റ പരസ്യവും ഇടയിലില്ലാതെ ഏഷ്യാനെറ്റ് 31 മിനിറ്റ് സംപ്രേഷണം ചെയ്തു. അങ്ങേയറ്റത്തെ കടപ്പാട് എനിക്ക് അദ്ദേഹത്തോടും ഏഷ്യാനെറ്റ് ന്യൂസിനോടുമുണ്ട്. ടി എന്‍ ഗോപകുമാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, എങ്കിലും എനിക്ക് അദ്ദേഹത്തോട് അത്രയ്ക്ക് കടപ്പാടുണ്ട്. എല്ലാ മീഡിയയും അനീതി കാണിച്ചപ്പോള്‍ ഒരാള്‍ മാത്രം, ഒരു മീഡിയ മാത്രം എന്നോട് നീതി കാണിച്ചു. അതായിരുന്നു കേസിലെ വഴിത്തിരിവ്. അത് ചെയ്യാന്‍ ടി എന്‍ ഗോപകുമാര്‍ കാണിച്ച തന്‍േറടമുണ്ടല്ലോ അത് വലുതായിരുന്നു. എല്ലാ മീഡിയയും ചാരക്കേസ് സത്യമാണെന്ന് പറയുമ്പോള്‍ ഒരൊറ്റ ഒരു മനുഷ്യന് സത്യം പറയാന്‍ തോന്നിയല്ലോ. അതാണ് വലുത്. അതാണെനിക്ക് പറയാനുള്ളത്. ''-നമ്പി നാരായണന്‍ പറഞ്ഞു.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ മലയാള പത്ര മാധ്യമങ്ങള്‍ അപസര്‍പ്പക നോവലുകളെ വെല്ലുന്ന വിധത്തിലുള്ള പൈങ്കിളി കഥകള്‍ ആഘോഷിച്ചു കൊണ്ടിരുന്നപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് ആ കഥകളുടെ മറുവശം തേടിയത്. അതിന്റെ ഭാഗമായിരുന്നു 'കണ്ണാടി' പരിപാടിക്കു വേണ്ടി ടി എന്‍ ഗോപകുമാര്‍ നടത്തിയ അഭിമുഖം. ചാരക്കേസുമായി ബന്ധപ്പെട്ട പൈങ്കിളിക്കഥകള്‍ക്കപ്പുറമുള്ള നേര് പുറത്തുകൊണ്ടുവരുന്നതായിരുന്നു ആ അഭിമുഖം. അവിടെ ഒതുങ്ങി നിന്നില്ല അന്നത്തെ ഏഷ്യാനെറ്റിന്റെ മാധ്യമ ഇടപെടലുകള്‍. ചാരക്കസില്‍ പൊലീസും അന്വേഷണ സംഘവും പറയുന്ന കഥകള്‍ അപ്പടി വിഴുങ്ങാതെ, വാസ്തവം അന്വേഷിക്കുകയും അതിന്റെ മറുവശം പറയുന്നത് തുടരുകയും ചെയ്തു. ഇതിന്റെ പേരില്‍, അന്ന് ഏഷ്യാനെറ്റ് വാര്‍ത്താ സംഘം ഏറെ പഴി കേള്‍ക്കുകയും ചെയ്തിരുന്നു.
1994 നവംബര്‍ 30 -നാണ് നമ്പി നാരായണനെ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അന്‍പത് ദിവസമാണ് നമ്പി നാരായണന്‍ ജയിലില്‍ കിടന്നത്. ക്രയോജനിക് സാങ്കേതികവിദ്യാ വിദഗ്ധനും പിഎസ്എല്‍വി രണ്ടിന്റെയും നാലിന്റെയും പ്രൊജക്ട് ഡയറക്ടറുമായിരുന്ന നമ്പി നാരായണന്‍ കല്ലേറും പരിഹാസവും ഏറ്റുവാങ്ങിയ കാലമായിരുന്നു അത്. നമ്പി നാരായണനൊപ്പം അറസ്റ്റിലായ മാലി സ്വദേശി മറിയം റഷീദയും ഫൗസിയയും പൊലീസ് പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞതും 'ഏഷ്യാനെറ്റ് ന്യൂസ്' ക്യാമറയ്ക്കു മുന്നിലായിരുന്നു. 'കണ്ണാടി' തന്നെയായിരുന്നു അതിനും വേദിയൊരുക്കിയത്. തന്നെ കുടുക്കിയതാണെന്ന് നമ്പി നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ തുറന്ന് പറഞ്ഞത് പിന്നീട് സിബിഐ ശരിവച്ചു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം വ്യക്തമാക്കുമ്പോള്‍ ഇത് നീതിക്കായുള്ള നമ്പി നാരായണന്റെ വിജയത്തിനൊപ്പം ഒഴുക്കിനെതിരെ സത്യത്തിന്റെ പക്ഷത്തുനിന്ന് ഒരു മാധ്യമം നടത്തിയ പോരാട്ടത്തിന്റെ കൂടി വിജയമാണ്. അതാണ്, ഇന്ന് ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ നമ്പി നാരായണന്‍ തുറന്ന് പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam