നഞ്ചമ്മയുടെ സമരം; നേതൃത്വം നൽകിയ ആളെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

Published : Jul 20, 2024, 09:51 AM IST
നഞ്ചമ്മയുടെ സമരം; നേതൃത്വം നൽകിയ ആളെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

Synopsis

 തമിഴ്നാട് അതിർത്തിയിൽ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തിയതിനും സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി പ്രചരണം നടത്തിയതിനുമാണ് സുകുമാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

പാലക്കാട്: ദേശീയ അവാർഡ് ജേതാവും ​ഗായികയുമായ നഞ്ചമ്മയുടെ സമരത്തിന് നേതൃത്വം നൽകിയ സുകുമാരനെ തമിഴ്നാട് പോലിസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം നഞ്ചമ്മ സമരം നടത്തിയത്.

തമിഴ്നാട് അതിർത്തിയിൽ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തിയതിനും സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി പ്രചരണം നടത്തിയതിനുമാണ് സുകുമാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഗളിയിൽ നിന്ന് അറസ്റ്റ് ചെയ്ത സുകുമാരനെ കോയമ്പത്തൂർ കാട്ടൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്‍റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. കയ്യേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തുകയാണ് നഞ്ചമ്മ. അഗളിയിലെ സ്വകാര്യവ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഭൂമി സ്വന്തം പേരിലാക്കിയതെന്നാണ് നഞ്ചമ്മ ആരോപിക്കുന്നത്. ഇതിന് ശേഷം ഭൂമി മറ്റൊരാൾക്ക് മറിച്ചു വിറ്റു. മിച്ചഭൂമി കേസ്, ടിഎൽഎ കേസും നിലനിൽക്കേയാണ് ഭൂമി കൈമാറിയതെന്ന് നഞ്ചമ്മ ആരോപിക്കുന്നു. 

അതേസമയം, സ്വകാര്യവ്യക്തി ഭൂമി കൈമാറ്റത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്ന് വില്ലേജ് ഓഫീസറും സ്ഥിരീകരിച്ചു. ഓഫീസിൽ നിന്നും രേഖ നൽകിയിട്ടില്ല. അടിസ്ഥാന രേഖ വ്യാജമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. തര്‍ക്ക ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചമ്മയെയും ബന്ധുക്കളെയും കഴിഞ്ഞ ദിവസം ഉദ്യോ​ഗസ്ഥര്‍ തടഞ്ഞിരുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് നഞ്ചമ്മയെ തടഞ്ഞത്. ഭൂമി ഉഴുത് കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചമ്മയെ ഉദ്യോഗസ്ഥർ തടഞ്ഞത്.

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം