അന്ന് ജീവിതം തിരിച്ചു നല്‍കി, ഇന്ന് ജീവനോപാധിയും; നന്ദകുമാറില്‍ നിന്ന് മുച്ചക്ര സ്‌കൂട്ടര്‍ ഏറ്റുവാങ്ങി ഗോപകുമാര്‍

Published : Jun 09, 2025, 07:12 PM IST
Gopakumar

Synopsis

ഗോപാലന്‍ -ലീല ദമ്പതികളുടെ മകന്‍ ഗോപകുമാര്‍ 2010 ലുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്ന് 13 വര്‍ഷമായി കിടപ്പിലായിരുന്നു.

തൃശൂർ: അവസാനിച്ചെന്ന് കരുതിയ ജീവിതം തിരിച്ചു നല്‍കിയ അതേ കൈകളില്‍ നിന്നു തന്നെ ജീവനോപാധിക്കുള്ള മൂലധനം ഏറ്റുവാങ്ങുമ്പോള്‍ ഗോപകുമാറിന്‍റെ കണ്ണുകളില്‍ തീര്‍ത്താല്‍ തീരാത്ത കടപ്പാടും ആഹ്ളാദവും നിറഞ്ഞു തുളുമ്പി. പെയ്ന്റിംഗ് തൊഴിലാളിയായിരുന്ന എടത്തിരുത്തി പൈനൂര്‍ ഗോപാലന്‍ -ലീല ദമ്പതികളുടെ മകന്‍ ഗോപകുമാര്‍ 2010 ലുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്ന് 13 വര്‍ഷമായി കിടപ്പിലായിരുന്നു. 2023 ജൂണില്‍ ഗോപന്‍റെ വീട്ടിലേക്ക് മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ എത്തിയത് അക്ഷരാര്‍ഥത്തില്‍ രക്ഷകനായാണ്. ശരീരം ശോഷിച്ച് കമിഴ്ന്ന് മാത്രം കിടക്കാന്‍ കഴിയുന്ന വിധത്തില്‍ അവശനായിരുന്ന ഗോപന്‍റെ കൈപിടിക്കുമ്പോള്‍ ഇയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ദൃഢനിശ്ചയമായിരുന്നു വി.പി. നന്ദകുമാറിന്‍റെ മനസ്സില്‍.

അതിന്റെ സാക്ഷാത്കാരമായിരുന്നു മണപ്പുറം ഫൗണ്ടേഷന്റെ നവീകരിച്ച ആസ്ഥാനത്ത് വെച്ച് മുച്ചക്ര സ്‌കൂട്ടര്‍ ഉള്‍പ്പെടെ സ്വയം തൊഴിലിനുള്ള സാമഗ്രികള്‍ ഗോപന് കൈമാറിയ ചടങ്ങ്. 2023 ജൂണില്‍ തന്നെ മണപ്പുറം ഫൗണ്ടേഷന്‍ മുന്‍കൈയെടുത്ത് ഗോപനെ തിരുവനന്തപുരം എസ്‌കെ ഹോസ്പിറ്റലിലെത്തിച്ച് ബെംഗളൂരു നിംഹാന്‍സിലെ ന്യൂറോ വിഭാഗം മുന്‍ മേധാവിയായ ന്യൂറോളജിസ്റ്റ് എസ് ആര്‍ ചന്ദ്രയുടെ മേല്‍നോട്ടത്തില്‍ ന്യൂറോ-ഓര്‍ത്തോ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ കീഴില്‍ ചികിത്സ തുടങ്ങി. പ്രതീക്ഷ നശിച്ച മനസ്സിന് പുതുജീവനേകാന്‍ കൗണ്‍സലിങ്ങും ശരീരത്തിന്റെ ചലനശേഷി വീണ്ടെടുക്കാന്‍ ഫിസിയോ തെറാപ്പിയുമാണ് ഗോപകുമാറിന് വേണ്ടിയിരുന്നത്. തിരുവനന്തപുരത്തു നിന്ന് തിരിച്ചെത്തിയ ഗോപകുമാറിന് മണപ്പുറം ഫൗണ്ടേഷന് കീഴിലുള്ള കോതകുളത്തെ മഹിമാ കൗണ്‍സലിംഗ് ആന്റ് സൈക്കോ തെറാപ്പി സെന്ററില്‍ കൗണ്‍സലിങ്ങും വലപ്പാട് മാകെയര്‍ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ ഫിസിയോ തെറാപ്പിയും തുടങ്ങി. മണപ്പുറം ഫൗണ്ടേഷന്റെ ആംബുലന്‍സിലാണ് ആദ്യഘട്ടത്തില്‍ തെറാപ്പി സെന്ററിലേക്കും തിരിച്ചും കൊണ്ടു പോയിരുന്നത്. പിന്നീട് ഫൗണ്ടേഷന്റെ ചെലവില്‍ ഓട്ടോറിക്ഷയിലായി യാത്ര. രണ്ടു ലക്ഷം രൂപയാണ് ഗോപകുമാറിന്റെ ചികിത്സക്കായി മണപ്പുറം ഫൗണ്ടേഷന്‍ ചെലവിട്ടത്.

ആറു മാസം കൊണ്ട് ഗോപകുമാറിനുണ്ടായത് അത്ഭുതകരമായ മാറ്റങ്ങളാണ്. മണപ്പുറം ഫൗണ്ടേഷന്റെ ഭിന്നശേഷി ദിന പരിപാടിയില്‍ പങ്കെടുത്ത ഗോപകുമാര്‍ വി.പി. നന്ദകുമാറിന് മുന്നില്‍ വച്ച് പരസഹായമില്ലാതെ നടന്നു. ആരോഗ്യം മെച്ചപ്പെട്ട ശേഷം സ്വയംതൊഴിലിനുള്ള സൗകര്യമൊരുക്കാമെന്നത് അന്ന് ഗോപകുമാറിന് വി.പി. നന്ദകുമാര്‍ നല്‍കിയ വാക്കാണ്.

മണപ്പുറം ഫൗണ്ടേഷന്റെ നവീകരിച്ച ഓഫീസില്‍ വച്ച് ഒരു ലക്ഷം രൂപ വിലയുള്ള മുച്ചക്ര സ്‌കൂട്ടറും സ്വയം തൊഴിലിനുള്ള 10,000 രൂപയ്ക്കുള്ള ലോട്ടറി ടിക്കറ്റുകളും വി.പി. നന്ദകുമാറില്‍ നിന്ന് ഗോപകുമാര്‍ ഏറ്റുവാങ്ങി. ഗോപകുമാറില്‍ നിന്ന് ആദ്യ ലോട്ടറി എടുത്ത് സംരംഭം ഉദ്ഘാടനം ചെയ്തത് മണപ്പുറം റിതി ജ്വല്ലറി എം.ഡി. സുഷമ നന്ദകുമാറാണ്. മണപ്പുറം ഫൗണ്ടേഷന്‍ സ്വതന്ത്ര ട്രസ്റ്റി വേണുഗോപാല്‍, സ്ഥിരം ട്രസ്റ്റി ജ്യോതി പ്രസന്നന്‍ തുടങ്ങിയവര്‍ സന്നിഹതരായി. അവിവാഹിതനായ ഗോപകുമാറിനൊപ്പം അമ്മ ലീലയുമുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്