
ദില്ലി: 2017ലെ കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ട് ഒരു വര്‍ഷം വൈകി, തിങ്കളാഴ്ചയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ടത്. ആകെ കുറ്റകൃത്യങ്ങളില്‍ മൂന്ന് ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യത്തില്‍ കേരളത്തിന്‍റെ സ്ഥാനം എത്രയാണെന്ന് പരിശോധിക്കാം. 11,370 കുറ്റകൃത്യമാണ് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ 2017ല്‍ രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യ പട്ടികയില്‍ 13ാമതാണ് കേരളത്തിന്‍റെ സ്ഥാനം. 60.2 ശതമാനമാണ് കേരളത്തിലെ ക്രൈം റേറ്റ്. 56,011 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നില്‍. 31, 979കേസുകളുമായി മഹാരാഷ്ട്രയും 30,002 കേസുകളുമായി പശ്ചിമ ബംഗാളുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അസമിലാണ് ഏറ്റവും ഉയര്‍ന്ന ക്രൈം റേറ്റ് രേഖപ്പെടുത്തിയത് (143). തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ പിന്നിലാണ്. തമിഴ്നാട്ടില്‍ 5397 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തില്‍ 8133 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ഭര്‍തൃപീഡനത്തെ കുറിച്ചാണ് (27.9 ശതമാനം) കൂടതല്‍ പേരും പരാതി പറഞ്ഞത്. തട്ടികൊണ്ടുപോകല്‍, ലൈംഗികാക്രമണം എന്നിവയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ലൈംഗികാക്രമണകേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് 3.7 ശതമാനമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് കാണിക്കുന്നു.
രാജ്യത്ത് നടക്കുന്നതിന്റെ ഒരു ശതമാനത്തില്‍ താഴെയാണ് അരുണാചല്‍പ്രദേശ്, ഗോവ, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കീം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ദില്ലിയിലെ കുറ്റകൃത്യ നിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. രാജ്യത്ത് മൊത്തം 3,59,849 കേസുകളാണ് 2017ല്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam