വയനാട് മുസ്ലിം ലീഗിന്‍റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി; 4 പേർക്കെതിരെ കേസ്

By Web TeamFirst Published Aug 15, 2022, 8:16 PM IST
Highlights

ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പൊലീസ് അറിയിച്ചു.

വയനാട്: വയനാട് കണിയാമ്പറ്റയിൽ മുസ്ലിം ലീഗിന്‍റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കണിയാമ്പറ്റ മില്ലുമുക്കിലാണ് സംഭവം നടന്നത്. സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ സംഭവം നടന്നിരുന്നു. മുതലമടയിൽ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടിയതും വിവാദമായിരുന്നു. തമിഴ്നാട് അതിർത്തിയായ ചെമ്മണാമ്പതി അണ്ണാനഗറിൽ കെ ജയരാജന്‍റെ വീട്ടിലായിരുന്നു സംഭവം. ഇതിന്‍റെ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ പതാകകൾ മാറ്റി കെട്ടി. ജയരാജന്‍റെ വീട്ടിലെ കുട്ടികളാണ് പതാക ഉയർത്തിയതെന്നും തെറ്റ് മനസ്സിലാക്കി അത് തിരുത്തിയിട്ടുണ്ടെന്നും സി പി എം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ഇത്തരത്തിൽ നിരവധി വിവാദങ്ങളാണ് സംസ്ഥാനത്ത് ദേശീയ പതാകയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്.

Also Read:  മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

Also Read: വീടിന് മുകളില്‍ യുവാവ് ഉയര്‍ത്തിയത് പാക് പതാക, നിര്‍മ്മിച്ചത് ബന്ധുവായ യുവതി; മൂന്ന് പേര്‍ക്കെതിരെ കേസ്

പതാക ഉയര്‍ത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? 

  • കൊടി മരത്തിൽ പതാക ഉയർത്തുകയാണെങ്കിൽ മാത്രമേ പതാക രാത്രിയിൽ താഴ്ത്തി കെട്ടേണ്ടതുള്ളു അത് കൊണ്ട് തന്നെ വീടുകളിൽ കെട്ടുന്ന പതാക 3 ദിവസവും രാത്രി അഴിച്ചു വയ്ക്കേണ്ടതില്ല
  • പതാക ഒരിക്കലും തറയിൽ മുട്ടാതെ വേണം കെട്ടാൻ
  • കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പതാക ഉപയോഗിക്കാം
  • കൈ കൊണ്ടു നൂൽക്കുന്നതോ, നെയ്തതോ, മെഷീനിൽ തീർത്തതോ ആയ ദേശീയ പതാക ഉപയോഗിക്കാം
  • പതാകയ്ക്ക് ഏതു വലിപ്പവും ആകാം എന്നാൽ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
  • കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്തരുത്
  • മറ്റേതെങ്കിലും പതാകയ്ക്കൊപ്പമൊ, കീഴിലോ ദേശീയ പതാക ഉയർത്താൻ പാടില്ല. ∙
  • തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.
  • പതാകയിൽ എഴുത്തുകളും ഉണ്ടാകരുത്.
  • പതാക വിതരണം ചെയ്യാൻ കമ്പനികൾ സിഎസ്ആർ ഫണ്ടും ഉപയോഗിക്കാം എന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
  • സ്വയം സഹായ സംഘങ്ങൾ വഴി ലക്ഷക്കണക്കിന് പതാകകളുടെ വിതരണം ഇതിനകം പൂർത്തിയായി കഴിഞ്ഞു.
click me!