മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചെന്നാണ് പരാതി. യുവമോർച്ച നേതാക്കളാണ് പരാതി നൽകിയത്.

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രൻ എന്നയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശമുള്ള റോഡില്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി. യുവമോർച്ച നേതാക്കളാണ് പരാതി നൽകിയത്. പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്‍. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

അതേസമയം, സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹർ ഘർ തിരംഗ' പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്നലെ ആരംഭിച്ച് സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ജയന്തി വീടുകളില്‍ പതാക ഉയർത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്കൂളിലും സ്ഥാപനങ്ങളിലുമെല്ലാം ഇന്നലെ രാവിലെ തന്നെ ദേശീയ പതാകകള്‍ ഉയർന്നു. കേന്ദ്ര സാസ്കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാല്‍ ഷായും ദില്ലിയിലെ വീട്ടില്‍ പതാക ഉയര്‍ത്തി.

Also Read: പാലക്കാട്ട് സിപിഎം പതാകയ്ക്ക് താഴെ ദേശീയപതാക, ചിത്രം പ്രചരിച്ചു, തിരുത്ത്

Also Read: വീടിന് മുകളില്‍ യുവാവ് ഉയര്‍ത്തിയത് പാക് പതാക, നിര്‍മ്മിച്ചത് ബന്ധുവായ യുവതി; മൂന്ന് പേര്‍ക്കെതിരെ കേസ്

പതാക ഉയര്‍ത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? 

  • കൊടി മരത്തിൽ പതാക ഉയർത്തുകയാണെങ്കിൽ മാത്രമേ പതാക രാത്രിയിൽ താഴ്ത്തി കെട്ടേണ്ടതുള്ളു അത് കൊണ്ട് തന്നെ വീടുകളിൽ കെട്ടുന്ന പതാക 3 ദിവസവും രാത്രി അഴിച്ചു വയ്ക്കേണ്ടതില്ല
  • പതാക ഒരിക്കലും തറയിൽ മുട്ടാതെ വേണം കെട്ടാൻ
  • കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പതാക ഉപയോഗിക്കാം
  • കൈ കൊണ്ടു നൂൽക്കുന്നതോ, നെയ്തതോ, മെഷീനിൽ തീർത്തതോ ആയ ദേശീയ പതാക ഉപയോഗിക്കാം
  • പതാകയ്ക്ക് ഏതു വലിപ്പവും ആകാം എന്നാൽ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
  • കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്തരുത്
  • മറ്റേതെങ്കിലും പതാകയ്ക്കൊപ്പമൊ, കീഴിലോ ദേശീയ പതാക ഉയർത്താൻ പാടില്ല. ∙
  • തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.
  • പതാകയിൽ എഴുത്തുകളും ഉണ്ടാകരുത്.
  • പതാക വിതരണം ചെയ്യാൻ കമ്പനികൾ സിഎസ്ആർ ഫണ്ടും ഉപയോഗിക്കാം എന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
  • സ്വയം സഹായ സംഘങ്ങൾ വഴി ലക്ഷക്കണക്കിന് പതാകകളുടെ വിതരണം ഇതിനകം പൂർത്തിയായി കഴിഞ്ഞു.