ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചറിന്​ ഗുരുതര വീഴ്ച: കുഴി മൂടണണെന്ന ദേശീയപാത അതോറിറ്റിയുടെ നോട്ടീസ് അവ​ഗണിച്ചു

By Web TeamFirst Published Aug 7, 2022, 8:10 AM IST
Highlights

മഴക്കാലത്തിന് മുമ്പ് കുഴികൾ അടക്കണം എന്നായിരുന്നു നിർദേശം. എന്നാൽ കമ്പനി അത് അവഗണിക്കുകയായിരുന്നു

കൊച്ചി : തൃശൂർ എറണാകുളം റോഡിലെ (thrissur ernakulam road)കുഴികൾ എത്രയും വേ​ഗം അടയ്ക്കണമെന്ന ദേശീയ പാത അതോറിറ്റിയുടെ(national highway authority) നോട്ടീസ് കരാ‍ർ കമ്പനി അവ​ഗണിച്ചു. കരാർ ഏറ്റെടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കമ്പനിക്ക് ദേശീയ പാത അതോറിറ്റി തുടരെ നോട്ടീസ് അയച്ചെങ്കിലും കമ്പനി അത് അവ​ഗണിക്കുകയായിരുന്നു. മഴക്കാലത്തിന് മുമ്പ് കുഴികൾ അടക്കണം എന്നായിരുന്നു നിർദേശം. എന്നാൽ കമ്പനി അത് അവഗണിക്കുകയായിരുന്നു. കരാർ കമ്പനിയുടെ ഭാഗത്ത് ബോധപൂർവമായ അനാസ്ഥ ഉണ്ടായെന്ന് വ്യക്തമാക്കുന്നതാണ് ഇക്കാര്യം. 

 

കുഴിയടക്കാത്തതിൽ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ പാലക്കാട് ഡിവിഷൻ ആണ് പലതവണ നോട്ടീസ് അയച്ചത്. ദേശീയ പാത അതോറിറ്റി പല തവണ നോട്ടീസ് അയച്ചിട്ടും കരാർ കമ്പനിയായി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ തുടർച്ചയായി ഈ നോട്ടീസുകൾ അവഗണിച്ചു.കരാർ കമ്പനിക്ക് ഒടുവിൽ നോട്ടീസ് അയച്ചത്  ജൂൺ മാസത്തിലാണ്. ദേശീയ പാത അതോറിറ്റിയുടെ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇതിനിടെ നഷ്ടം കണക്കാക്കിയും പിഴ ഈടാക്കിയും ദേശീയപാത അതോറിറ്റി പുതിയ ടെൻഡർ നടപടികൾ തുടങ്ങി. 

നെടുമ്പാശേരി അപകടം: കുഴികൾ അടയ്ക്കാതിരുന്ന മഴ കാരണം; വീഴ്ച സമ്മതിച്ച് കരാർ കമ്പനി

നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ഉണ്ടായ അപകടത്തെ തുടർന്ന് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് കരാറുകാർ. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് കരാർ എറ്റെടുത്തത്. കുഴി അടക്കുന്നതിൽ വീഴ്ച വന്നത് മഴ കാരണമാണെന്ന് കമ്പനിയുടെ ഡപ്യൂട്ടി ജനറൽ മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കുഴികൾ എല്ലാം അടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാഷിമിന്റെ കുടുംബത്തെ സഹായിക്കുന്നതിൽ കമ്പനി മാനേജ്മെന്റ് തീരുമാനമെടുത്തിട്ടില്ലെന്നും മഴ മാറിയാൽ കൂടുതൽ ഉറപ്പുള്ള ബിറ്റുമിൻ ടാർ മിക്സ് ഉപയോഗിച്ച് കുഴികളടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.20 നാണ് അപകടം ഉണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ സ്കൂട്ടർ നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ വളവിനോട് ചേർന്നുണ്ടായിരുന്ന ഭീമൻ കുഴിയിൽ വീഴുകയായിരുന്നു. വാഹനത്തിൽ നിന്ന് തെറിച്ചുവീണ ഇദ്ദേഹം പിന്നാലെ വന്ന മറ്റൊരു വാഹനം ദേഹത്ത് കയറിയിറങ്ങിയതോടെ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി.

ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേത്.  മഴക്കാലം കഴിയുന്നത് വരെ കുഴിയടക്കാൻ കരാറുകാർ കാത്ത് നിൽക്കുന്നതാണ് പ്രശ്നം. ഹൈക്കോടതി വിമർശനം വന്നപ്പോൾ ചിലയിടങ്ങളിൽ കുഴിയടച്ചെങ്കിലും ഇത് ഇനിയും പൂർത്തിയാക്കിയില്ല. ദേശീയ പാതകളിലെ സ്ഥിതിയിൽ കേന്ദ്രസർക്കാരിനെ പ്രതിഷേധമറിയിക്കുകയാണ് സംസ്ഥാന സർക്കാരിന് മുന്നിൽ ഇനിയുള്ള വഴി. 

ഹാഷിമിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്ത ശ്രദ്ധയിൽ പെട്ടയുടനെ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിഷയത്തിൽ ഇടപെട്ടു. കുഴികൾ അടയ്ക്കാൻ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരള റീജിയണല്‍ ഓഫീസര്‍ക്കും പാലക്കാട്ടെ പ്രോജക്ട് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കാൻ അമിക്കസ്‌ ക്യൂറിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ പാതകളിൽ പോയി സംസ്ഥാന സർക്കാരിന് കുഴിയടക്കാനാകില്ലെന്നും ഹാഷിമിന്റെ മരണത്തിന് ഇടയായ അപകടത്തിന് കാരണക്കാരായ കരാറുകാർക്ക് എതിരെ കേസെടുക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ദേശീയപാത അതോറിറ്റിയെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരാണ് പ്രവർത്തനം നടത്തേണ്ടതെന്ന് വിചിത്ര വാദമാണെന്ന് പ്രതിപക്ഷ നേതാവിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞതാണെങ്കിൽ തിരുത്തണം. എന്തിനാണ് അദ്ദേഹം ദേശീയപാത അതോറിറ്റിയെ സംരക്ഷിക്കുന്നത്? പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ബോധപൂർവം നടത്തിയതാണെങ്കിൽ ഒരു മരണത്തെ പോലും സർക്കാരിന് എതിരെ തിരിക്കാനുള്ള നീച ശ്രമമായി മാത്രമേ അതിനെ കാണാനാകൂ. ആലപ്പുഴയിലെ ദേശീയപാതയിൽ ഉണ്ടായ മരണത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ല. അന്ന് പ്രതിപക്ഷവും സർക്കാരും ഒന്നിച്ചു നിന്നു. ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

click me!