
ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൽ ഒരാള്‍ മരിച്ച സംഭവത്തില്‍ കൈകഴുകി ദേശീയപാതാ അതോറിറ്റി. അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിർമ്മാണവും നടന്നിരുന്നില്ലെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴാണെന്നും ദേശീയപാതാ അതോറിറ്റി വിശദീകരിക്കുന്നു. അതേസമയം, അപകടത്തിന്‍റെ മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം നിർത്തിവെക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീം രൂപീകരിച്ചു.
മണ്ണിടിച്ചിലിൽ മരിച്ച ബിജുവിൻ്റെ മൃതദേഹം സംസ്കാരിച്ചു. കുമ്പന്‍പാറയിലെ കുടുംബ വീട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ബിജുവിൻ്റെ അനിയൻ ശ്യാം ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. ബിജുവിൻ്റെ ഭാര്യ സന്ധ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഭാര്യ നിലവില്‍ ചികിത്സയിലാണ്. ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് സന്ധ്യ. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ പറഞ്ഞു. സന്ധ്യയെ അർദ്ധബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് മരിച്ച കാര്യം സന്ധ്യ അറിഞ്ഞിട്ടില്ല.
മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീം രൂപീകരിച്ചു. ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് ദേശിയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ, ദേശീയപാത അതോരിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേവികുളം തഹസിൽദാർ എന്നിവർക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. പഠന റിപ്പോർട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേശിയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് നിർദേശം നൽകി. റോഡിലും വിടുകളിലേക്കും ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യുന്നതിന് ഉത്തരവിൽ അനുവാദം നൽകിയിട്ടുണ്ട്.