
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കൊപ്പം വേദി പങ്കിട്ടതിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ പ്രസിഡൻ്റ്. ഇക്കാര്യം ചർച്ച ചെയ്യാൻ ബിജെപി അടിയന്തര കോർ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ പ്രസിഡൻ്റിൻ്റെ നിലപാട് തള്ളി പ്രമീള ശശിധരനെ പിന്തുണച്ച് മറുവിഭാഗവും രംഗത്തെത്തി. അതേസമയം, വികസന പ്രവർത്തനമെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് വിവാദങ്ങളിൽ പ്രമീള ശശിധരന്‍റെ പ്രതികരണം. പാർട്ടി എന്ത് നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രമീള ശശിധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വാർഡ് കൗൺസിലറാണ് പരിപാടിയിലേക്ക് വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല. രേഖാമൂലമോ വിളിച്ചറിയിക്കുകയോടെ ചെയ്തിട്ടില്ലെന്നും പ്രമീള കൂട്ടിച്ചേര്‍ത്തു. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയാറാണെന്ന് പറഞ്ഞ പ്രമീള, പ്രമീള പാർട്ടി വിട്ട് കോൺഗ്രസിൽ ചേരില്ലെന്നും വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി ശക്തമായ പ്രതിഷേധങ്ങൾ നടത്തുന്നതിനിടെ ബിജെപി ഭരിക്കുന്ന നഗരസഭ ചെയർപേഴ്സൺ എംഎല്‍എക്കൊപ്പം വേദി പങ്കിട്ടത്തിൽജില്ലാ പ്രസിഡൻ്റ് അതൃപ്തി പരസ്യമാക്കിയിരുന്നു. വാർത്താ സമ്മേളനം വിളിച്ചാണ് നഗരസഭ ചെയർപേഴ്സണെ തള്ളി ജില്ലാ നേതൃത്വം രംഗത്തെത്തിയത്. പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും, പറയാനുള്ള കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തോട് പറയുമെന്ന നിലപാടിലാണ് പ്രമീള ശശിധരൻ. മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജൻ്റെ പിന്തുണയും ചെയർപേഴ്സണിന് തന്നെ. സി കൃഷ്‌ണകുമാറിൻ്റെ ഭാര്യ മിനി കൃഷ്ണകുമാറിൻ്റെ വാർഡിൽ പി ടി ഉഷ എം പിയെ എത്തിച്ച് കഴിഞ്ഞ ദിവസം നടത്തിയ പൊതു പരിപാടിയിൽ തന്നെ ഒഴിവാക്കിയതിൽ പ്രമീള ശശിധരൻ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൃഷ്ണകുമാർ പക്ഷവും വിരുദ്ധ പക്ഷവും തമ്മിലെ കടുത്ത വിഭാഗീയത വീണ്ടും സജീവമാകുന്നത്.