
കോട്ടയം: അടിമാലിയില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്‍റെ മകളുടെ പഠന ചെലവ് നഴ്‌സിംഗ് കോളേജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബിജുവിന്‍റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മന്ത്രി വീണ ജോര്‍ജ് കോളേജിന്‍റെ ചെയര്‍മാന്‍ ജോജി തോമസുമായി സംസാരിച്ചു. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചിലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ജോജി തോമസിനോട് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ബിജുവിന്‍റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്‍റെ കുടുംബപശ്ചാത്തലം അതിദാരുണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ബിജുവിന്‍റെ മകൻ ഒരു വർഷം മുമ്പാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഈ വേദനകളിൽ നിന്ന് കരകയറുന്നതിനിടെയാണ് കുടുംബത്തിലേക്ക് മറ്റൊരു ദുരന്തം കൂടി എത്തുന്നത്. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ദമ്പതികളായ ബിജുവും സന്ധ്യയും അപകടത്തിൽ പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരേയും പുറത്തെത്തിച്ചെങ്കിലും ബിജുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ബിജുവിന് തടിപ്പണിയായിരുന്നുവെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് ബിജുവിൻ്റെ മകന് ക്യാൻസർ ബാധിക്കുന്നത്. ചികിത്സ നടത്തിയെങ്കിലും ഒരു വർഷം മുമ്പ് മരിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മകളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ല. 15 സെൻ്റ് സ്ഥലമുണ്ടായിരുന്നു. ഇവിടെ വീട് വെച്ച് 10 വർഷത്തോളമായെന്നും റോഡിൻ്റെ പണി വന്നതാണ് പ്രശ്നമായതെന്നും പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam