കാല് മാറി ശസ്ത്രക്രിയ: ഡോക്ടർക്ക് പിഴവ് പറ്റിയെന്ന് പ്രാഥമിക റിപ്പോർട്ട്, വിദഗ്ദ്ധ പരിശോധന നടത്തും

Published : Feb 24, 2023, 01:58 PM IST
കാല് മാറി ശസ്ത്രക്രിയ: ഡോക്ടർക്ക് പിഴവ് പറ്റിയെന്ന് പ്രാഥമിക റിപ്പോർട്ട്, വിദഗ്ദ്ധ പരിശോധന നടത്തും

Synopsis

വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയാണ് കക്കോടി സ്വദേശി സജ്ന ചികിത്സ തേടിയത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ പി ബഹിർഷാനാണ് സജ്നയെ ചികിത്സിക്കുന്നത്

കോഴിക്കോട്: കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ, നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി ബെഹിർ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസർക്ക് അഡീഷണൽ ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം ആവശ്യമാണെന്ന് എഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദഗ്ധ വൈദ്യ സംഘം കൂടുതൽ പരിശോധന നടത്തും. തിങ്കളാഴ്ച ആശുപത്രി അധികൃതരെ ഉൾപ്പടെ വിളിച്ചുവരുത്തി തെളിവെടുക്കും. ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിർദ്ദേശ പ്രകാരമാണ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയത്.

നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി കൂടിയാണ് ഡോ പി ബെഹിർഷാൻ. പരാതി വന്ന ദിവസം ആശുപത്രി മാനേജ്മെന്‍റുമായി നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളിൽ ബഹിർഷാൻ തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ടെന്ന് ശസ്ത്രക്രിയക്ക് വിധേയയായ സജ്നയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ചികിത്സാ രേഖകളെല്ലാം ആശുപത്രി മാനേജ്മെന്‍റ് തിരുത്തിയെന്ന പരാതിയും കുടുംബം ആവർത്തിക്കുന്നു. 

അശ്രദ്ധമായ ചികിത്സയ്ക്ക് നിസ്സാര വകുപ്പ് ചുമത്തിയാണ് ഡോ ബെഹിർഷാനെതിരെ നടക്കാവ് പൊലീസ് ഇന്നലെ കേസെടുത്തത്. തുടർ അന്വേഷണത്തിൽ മാത്രമാണ് കൂടുതൽ വകുപ്പുകൾ ചേർക്കുക. അഡീഷണൽ ഡിഎംഒയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചികിത്സാ പിഴവ് ശരിവെക്കുന്ന സാഹചര്യത്തിൽ പൊലീസ് വിഷയത്തിൽ കൂടുതൽ ഗുരുതരമായ വകുപ്പ് ചുമത്തേണ്ടി വരും. 

വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയാണ് കക്കോടി സ്വദേശി സജ്ന ചികിത്സ തേടിയത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ പി ബഹിർഷാനാണ് സജ്നയെ ചികിത്സിക്കുന്നത്. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്നാണ് സജ്ന ആശുപത്രിയിൽ അഡ്മിറ്റ് ആയത്. കഴിഞ്ഞ ദിവസം നടത്തിയ സർജറിയിൽ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് സജ്ന നിർബന്ധിത വിടുതൽ വാങ്ങി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുകയാണ്.

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ