
കൊച്ചി: ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലുമെല്ലാം നോമ്പുകാലത്ത് വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ നോമ്പ് ആചരണത്തിലാണ് ക്രിസ്തീയ വിശ്വാസികൾ. 50 ദിവസം നീളുന്ന നോമ്പ് കാലത്ത് വിശ്വാസികൾ മത്സ്യവും മാംസവും ഭക്ഷണത്തിൽ വർജിക്കുന്നത് പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗം കൂടിയാണ് നോമ്പ്. തലമുറകൾ മാറുമ്പോൾ പഴയ രീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും നോമ്പ് കാലിക പ്രസക്തമാകണമെന്നും കോതമംഗലം രൂപത ആവശ്യപ്പെടുന്നു.
യുവജനങ്ങളും കുട്ടികളും ഡിജിറ്റൽ നോമ്പ് ആചരിക്കുന്നത് ഉചിതമാണെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
നോമ്പ് കുടുംബങ്ങളുടെയും നാടിന്‍റെയും നന്മയ്ക്ക് അനുഗൃഹീതമാകുമെന്ന് ബിഷപ്പ് പറഞ്ഞ് വയ്ക്കുന്നു. നോമ്പ് കാലത്തെ വിശ്വാസികൾക്കുള്ള സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്. കാലാനുസൃതമായി നോമ്പിലും മാറ്റങ്ങളുണ്ടാകണമെന്നാണ് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam