ബുധനാഴ്ച ദേശീയ പണിമുടക്ക്; കേരളം നിശ്ചലമാകുമെന്ന് സമരസമിതി

By Web TeamFirst Published Jan 6, 2020, 3:24 PM IST
Highlights

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 24 മണിക്കൂർ പണിമുടക്കിനാണ് തൊഴിലാളി സംഘടനകളുടെ ആഹ്വാനം.സർക്കാർ, അർദ്ധ സർക്കാർ, ബാങ്കിംഗ്,  മറ്റ് സർവ്വീസ് മേഖലകള്‍ തുടങ്ങിയവയെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: ബുധനാഴ്ചത്തെ ദേശീയപണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സംയുക്ത സമരസമതി. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും  സമരസമിതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 24 മണിക്കൂർ പണിമുടക്കിനാണ് തൊഴിലാളി സംഘടനകളുടെ ആഹ്വാനം.

44 തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് നാല് പുതിയ തൊഴിൽ കോഡുകൾ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് തൊഴിലാളി പ്രതിഷേധം. പ്രതിമാസ മിനിമം വേതനം 21,000 രൂപയാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. രാജ്യ വ്യാപക പണിമുടക്കിൽ പകുതിയോളം സംസ്ഥാനങ്ങൾ നിശ്ചലമാകുമെന്നാണ് സംയുക്ത സമര സമിതിയുടെ അവകാശ വാദം. സർക്കാർ, അർദ്ധ സർക്കാർ, ബാങ്കിംഗ്,  മറ്റ് സർവ്വീസ് മേഖലകള്‍ തുടങ്ങിയവയെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിൽ പണിമുടക്ക് ഹർത്താലായി മാറും.

അവശ്യസർവീസ്, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീർത്ഥാടനം എന്നിവയെ പണിമുടക്കനുകൂലികൾ തടയില്ല. വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം ഷോപ്പിംഗ് മാളുകളോടും പണിമുടക്കിൽ സഹകരിക്കാൻ സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സിഐടിയു,ഐഎൻടിയുസി,  എഐടിയുസി, എസ്‍ടിയു ,യുടിയുസി ,സേവ അടക്കം 19 സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. 

click me!