അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് പരാതി; പണിമുടക്ക് ജനുവരി 27ന്

Published : Jan 05, 2026, 12:47 AM IST
Bank Strike

Synopsis

ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ചകൾ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി നാല് ദിവസം മുടങ്ങും. ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ കഴിഞ്ഞ വർഷം മാർച്ചിലെ ശമ്പള പരിഷ്കരണ കരാറിനിടെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ ഇത് നടപ്പായില്ലെന്നാണ് പരാതി.

പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്ന് ജീവനക്കാർ

തിങ്കൾ മുതൽ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ ജീവനക്കാർ സമ്മതിച്ചിട്ടുള്ളതിനാൽ, പ്രവൃത്തി സമയത്തിൽ കുറവുണ്ടാകില്ലെന്ന് സംഘടന അറിയിച്ചു. ആർ.ബി.ഐ, എൽഐസി, ജിഐസി തുടങ്ങിയ സ്ഥാപനങ്ങളും നിലവിൽ ആഴ്ചയിൽ 5 ദിവസം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. വിദേശ വിനിമയ വിപണി, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ എന്നിവ ശനിയാഴ്ചകളിൽ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ബാങ്കുകൾ അഞ്ച് ദിവസമാക്കുന്നത് ഒരു തരത്തിലും ഉപഭോക്താക്കളെ ബാധിക്കില്ലെന്നും യുഎഫ്ബിയു അവകാശപ്പെടുന്നു.

"ഞങ്ങളുടെ ന്യായമായ ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്തത് നിർഭാഗ്യകരമാണ്. അതിനാൽ ജനുവരി 27-ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും" എന്ന് യുഎഫ്ബിയു പ്രസ്താവനയിൽ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളിലെയും ചില സ്വകാര്യ ബാങ്കുകളിലെയും ജീവനക്കാരെയും ഓഫീസർമാരെയും പ്രതിനിധീകരിക്കുന്ന ഒമ്പത് പ്രധാന ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. #5DayBankingNow എന്ന പേരിൽ സോഷ്യൽ മീഡിയ ക്യാമ്പെയിനും സംഘടന സംഘടിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൂടുതൽ സീറ്റ് ചോദിക്കുമോ മുസ്ലിം ലീഗ്, നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ നിർണായക സംസ്ഥാന നേതൃയോഗം; 'മുന്നണിയെ സമ്മർദ്ദത്തിലാക്കില്ല'
അഞ്ചാറ് പേരില്ലേ? യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കമാകില്ലേയെന്ന് ചോദ്യം; മറുപടിയുമായി ഡോ എസ് എസ് ലാൽ