
ആലപ്പുഴ: ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ സി എം സെബാസ്റ്റ്യൻ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി. സെബാസ്റ്റ്യനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ജൈനമ്മ കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുകയാണ് സെബാസ്റ്റ്യൻ.
2006ലാണ് ബിന്ദുവിനെ കാണാതാവുന്നത്. 2017ലാണ് കേസ് പൊലീസിന് മുൻപിലെത്തിയത്. സഹോദരനാണ് പരാതി നൽകിയത്. ഇതിനിടെ ബിന്ദുവിന്‍റെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ബിന്ദുവിന്റെ തിരോധാന കേസിൽ സെബാസ്റ്റ്യൻ സംശയമുനയിൽ ആയിരുന്നെങ്കിലും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്താനായില്ല.
ഏറ്റുമാനൂർ സ്വദേശി ജൈനമ്മയെ കൊലപ്പെടുത്തിയ കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായതോടെയാണ് മറ്റ് തിരോധാന കേസുകളെ കുറിച്ച് പുനരന്വേഷണം തുടങ്ങിയത്. കോട്ടയം ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി.
ബിന്ദു പത്മനാഭന്‍റെ തിരോധാന കേസാണ് ഇതുവരെയുണ്ടായിരുന്നത്. 2006ൽ ബിന്ദു കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യനാണ് പ്രതി എന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുടർന്നാണ് ഈ കേസിൽ സെബാസ്റ്റ്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായി ചോദ്യംചെയ്ത് ഈ കേസിൽ എന്തെങ്കിലും തെളിവ് കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം.
ഐഷാ തിരോധാന കേസിലും സെബാസ്റ്റ്യൻ സംശയനിഴലിലാണ്. 2012ൽ കാണാതായ ഐഷയെ കുറിച്ച് ക്രൈം ബ്രാഞ്ച് ഉൾപ്പെടെ വിവിധ സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കോട്ടയത്ത് നിന്ന് കാണാതായ ജെയ്നമ്മയുടെ കേസിന്റെ അന്വേഷണ വേളയിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. സെബാസ്ററ്യന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ മനുഷ്യശരീര അവശിഷ്ടങ്ങൾ ഐഷയുടേയതാണോ എന്ന സംശയത്തിലാണ് പൊലീസ്. കണ്ടെത്തിയ അസ്ഥികളുടെ ഡിഎൻഎ പരിശോധനാ ഫലമാണ് കേസിൽ നിർണായകമാകുക.
ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഐഷ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാൽ അതിനുശേഷം ഐഷയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഐഷയ്ക്ക് സെബാസ്റ്റ്യനുമായി അടുപ്പമുണ്ടായിരുന്നു. സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ മനുഷ്യ അവശിഷ്ടങ്ങൾ കണ്ടെത്തിയതും ചില സ്വർണാഭരണങ്ങൾ കണ്ടെത്തിയതും കാരണമാണ് ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam