പൊലീസ് നോക്കിനിൽക്കെ സ്വകാര്യ വാഹനങ്ങൾ തടഞ്ഞ് സമരാനുകൂലികൾ, തിരുവനന്തപുരത്ത് ഇടപെട്ട് മജിസ്ട്രേറ്റ്

Web Desk   | Asianet News
Published : Mar 28, 2022, 12:07 PM ISTUpdated : Mar 28, 2022, 12:28 PM IST
പൊലീസ് നോക്കിനിൽക്കെ സ്വകാര്യ വാഹനങ്ങൾ തടഞ്ഞ് സമരാനുകൂലികൾ, തിരുവനന്തപുരത്ത് ഇടപെട്ട് മജിസ്ട്രേറ്റ്

Synopsis

തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും എറണാകുളത്തും സമരക്കാർ വാഹനങ്ങൾ തടഞ്ഞ് തിരിച്ചയച്ചു. മലപ്പുറത്ത് എടവണ്ണപ്പാറയിൽ കട അടപ്പിച്ചു. 

തിരുവനന്തപുരം/ കോഴിക്കോട്: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കിൽ വലഞ്ഞ് കേരളം. സംസ്ഥാനത്തിന്റെ പലയിടത്തും പണിമുടക്ക് (Nationwide protest) അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും എറണാകുളത്തും സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞ് തിരിച്ചയച്ചു. മലപ്പുറത്ത് എടവണ്ണപ്പാറയിൽ കട അടപ്പിച്ചു. 

പൊലീസ് നോക്കി നിൽക്കെയാണ് തിരുവനന്തപുരത്ത് പ്രാവച്ചമ്പലത്തും കാട്ടാക്കടയിലും പേട്ടയിലും സമരാനുകൂലികൾ റോഡിലിറങ്ങി സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞത്. പേട്ടയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞ് തിരിച്ച് വിട്ട നടപടിയെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ടു.തിരുവനന്തപുരം ജില്ലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സിഐയെ വിളിച്ച് വിശദീകരണം തേടി. കോടതിയിലേക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനം സമരാനുകൂലികൾ തടഞ്ഞതോടെ വാഹനം പൊലീസ് വഴിതിരിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് വൈകിയാണ് മജിസ്ട്രേറ്റിന് കോടതിയിലെത്താനായത്. പേട്ട സിഐയെ നേരിട്ട് വിളിപ്പിച്ച മജിസ്ട്രേറ്റ് വിശദീകരണം തേടിയിട്ടുണ്ട്. 

പ്രാവച്ചമ്പലത്ത് സ്വന്തം വാഹനത്തിലെത്തിയ റെയിൽവേ ഉദ്യോഗസ്ഥനെ സമരമാനുകൂലികൾ തടഞ്ഞ് തിരിച്ചയച്ചു. ഇത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ തിരിച്ചയച്ചു. കാട്ടാക്കടയിലും വാഹനങ്ങൾ സമരക്കാര്‍ തടഞ്ഞു. ഇതോടെ പ്രദേശത്ത് സമരാനുകൂലികളും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇവിടെ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 

കോഴിക്കോട് മാവൂർ റോഡിൽ സമരക്കാർ നിരത്തിലിറങ്ങിയ ഓട്ടോ റിക്ഷയുടെ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ ഇറക്കി വിടുകയും ചെയ്തു. കോഴിക്കോട് നടന്ന ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റെഫറി ആയിരുന്ന സുജിതിനെയാണ് തടഞ്ഞത്. ഒഡീഷ സ്വദേശിയായ സുജിത് കോയന്പത്തൂരിലേക്കുള്ള യാത്രക്കാണ് റെയിൽവേ സ്റ്റേഷനിൽ പോകാനെത്തിയത്. പൊലീസെത്തി സമരക്കാരെ നീക്കി. ഇദ്ദേഹത്തെ പൊലീസ് വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്കെത്തിച്ചു. പാലക്കാട് കിംഫ്രയിൽ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞു. മലപ്പുറത്ത് മഞ്ചേരിയിലും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. എടവണ്ണപ്പാറയിൽ തുറന്ന കട പ്രതിഷേധക്കാരെത്തി അടപ്പിച്ചു. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് പ്രതിഷേധമുണ്ടായത്. 

 

 

ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. നഗരഗ്രാമ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുകയാണ് കേരളം. കടകൾ തുറന്നത് അടപ്പിക്കുന്നുണ്ട്, ജോലിയെടുക്കാൻ വന്നവരെ തിരിച്ചയക്കുന്നുണ്ട്. എന്നാൽ മുംബൈയും ദില്ലിയും ബെംഗളൂരുവുമുൾപ്പെടെ രാജ്യത്തെ വൻ നഗരങ്ങളിലെല്ലാം ജനജീവിതം ഒരു തടസ്സവുമില്ലാതെ നീങ്ങുകയുമാണ്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പണിമുടക്ക് പൂർണമാണ്. കോട്ടയത്ത് കെഎസ്ആർടിസി ഒരു സർവീസും നടത്തുന്നില്ല. കടകളും തുറന്നില്ല. മെഡിക്കൽ കോളേജിൽ എത്തുന്നവരുടെ എണ്ണത്തിലും കുറവാണ്. വാഹനങ്ങൾ ഓടുന്നുണ്ട്. പത്തനംതിട്ടയിൽ നിരത്തുകളിൽ വാഹനങ്ങൾ ഇല്ല. കച്ചവട സ്ഥാപനങ്ങൾ തുറന്നിട്ടില്ല. കെഎസ്ആർടിസി ഒരു സർവീസും നടത്തുന്നില്ല. ഇടുക്കിയിലും കെ എസ് ആർ ടി സി സർവീസുകൾ ഒന്നും ഇല്ല. തോട്ടം തൊഴിലാളികളും പണിമുടക്കിലാണ്. കടകൾ ഒന്നും തുറന്നിട്ടില്ല. ഇരു ചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടുന്നത്.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും