
തൃശൂര്‍: കേന്ദ്രസഹമന്ത്രി വാങ്ങാത്ത നിവേദനം വാങ്ങി എംഎൽഎ. കൊച്ചുവേലായുധന്റെ വീട്ടില്‍ നേരിട്ട് ചെന്നാണ് സി.സി. മുകുന്ദന്‍ എംഎൽഎ നിവേദനം വാങ്ങിയത്. നിവേദനം വാങ്ങാതെ വയോധികനെ അപമാനിച്ച കേന്ദ്രസഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ നടപടിയില്‍ വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് വയോധികന്റെ വീട്ടിലെത്തി എംഎൽഎ നിവേദനം വാങ്ങിയത്. കൊച്ചുവേലായുധൻ്റെ വീടിന് മുകളില്‍ തെങ്ങ് വീണപ്പോള്‍ റവന്യൂ ദുരന്ത നിവാരണ വകുപ്പില്‍ നിന്നും 1.20 ലക്ഷം ലഭ്യമാക്കിയിരുന്നതായി എംഎൽഎ പ്രതികരിച്ചു. ഇദ്ദേഹത്തിന് പുതിയ വീട് നിര്‍മിക്കാന്‍ ലൈഫ് ഭവന പദ്ധതിയില്‍ മുന്‍ഗണന നല്‍കി തദ്ദേശ സ്വയംഭരണവകുപ്പ് മുഖേനെ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുള്ള് സ്വദേശി തായാട്ട് കൊച്ചുവേലായുധനെന്ന വയോധികനാണ് തെങ്ങുവീണ് തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടി സുരേഷ് ഗോപിക്ക് അപേക്ഷ നല്‍കാനെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന കലുങ്ക് സൗഹാര്‍ദ വികസന സംവാദത്തിലാണ് കൊച്ചുവേലായുധന് ദുരനുഭവം ഉണ്ടായത്. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിലാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ '-കലുങ്ക് സൗഹാര്‍ദ വികസന സംവാദം' നടന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംവാദം സംഘടിപ്പിച്ചത്. ഈ സംവാദം നടക്കുമ്പോഴാണ് കൊച്ചുവേലായുധനെന്ന വയോധികന്‍ കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍, '-'-ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തില്‍ പറയാനാണ്'---' സുരേഷ് ഗോപി പറയുന്നത്. സംവാദം നടക്കുന്ന ആല്‍ത്തറയില്‍ സുരേഷ് ഗോപിയുടെ അടുത്ത് ഇരിക്കുന്ന ആളിന്റെ കൈയിലും ഒരു കവര്‍ ഉണ്ടായിരുന്നു. ഇത് കേട്ടതോടെ ആള്‍ കവര്‍ പിന്നില്‍ ഒളിപ്പിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബിജെപി ഭരിക്കുന്ന ഇടങ്ങളില്‍ മാത്രമേ എം പി ഫണ്ട് നല്‍കുകയുള്ളൂ എന്ന മറ്റൊരാളുടെ ചോദ്യത്തിനും 'അതെ പറ്റുള്ളൂവെന്ന' പരിഹാസമായിരുന്നു മറുപടി. മൂന്ന് എം.പിമാര്‍ നല്‍കിയതില്‍ കൂടുതല്‍ തൃശൂരിന് താന്‍ നല്‍കിയെന്നും കോര്‍പറേഷനില്‍ ബി.ജെ.പിയെ കൊണ്ടുവന്നാലേ നഗര വികസനത്തിന് എം.പി ഫണ്ടില്‍ നിന്ന് പണം നല്‍കൂവെന്നുമാണ് സുരേഷ് ഗോപിയുടെ മറുപടി നൽകിയത്.
കവറില്‍ എന്താണ് എന്ന് നോക്കാമായിരുന്നു എന്നാണ് വ്യാപക അഭിപ്രായം. പ്രായത്തെ എങ്കിലും മാനിക്കാമായിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്. സുരേഷ് ഗോപി പബ്ലിക്ക് സ്റ്റണ്ട് നടത്തുകയാണെന്നും സിനിമാ നടനില്‍നി ന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വിമര്‍ശനം ഉയരുന്നു. വയോധികന്റൈ പ്രായത്തെ മാനിക്കാമായിരുന്നെന്നും കവറില്‍ എന്താണെന്നു തുറന്നു നോക്കാമായിരുന്നെന്നും സമൂഹ മാധ്യങ്ങളിൽ അഭിപ്രായങ്ങളുയര്‍ന്നു. ജനപ്രതിനിധിയായതുമുതല്‍ സുരേഷ് ഗോപിയുടെ ധാര്‍ഷ്ട്യത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണുയരുന്നത്.
വയോധികനോടുള്ള കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ഖാദര്‍ പറഞ്ഞു. ബി.ജെ.പി. കൊട്ടിഘോഷിച്ച് നടത്തിയ ഒരു പരിപാടിയിലാണ് നിവേദനം നല്‍കിയത് അവജ്ഞാപൂര്‍വം തിരിച്ചു നല്‍കിയത്. സംഘാടകര്‍ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഈ ദൃശ്യമുണ്ട്. എന്താണ് ജനപ്രതിനിധിയുടെ പ്രാഥമിക കടമയെന്ന് കേന്ദ്ര മന്ത്രി പഠിക്കണമെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam