
മലപ്പുറം: നവകേരള സദസ് ഇന്ന് മലപ്പുറം ജില്ലയില്‍. രാവിലെ ഒമ്പത് മണിക്ക് തിരൂരിലാണ് പ്രഭാത യോഗം. തുടര്‍ന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി. വൈകിട്ട് മൂന്ന് മണിക്ക് തവനൂരിലും നാലരക്ക് തിരൂര്‍ മണ്ഡലത്തിലും നവ കേരള സദസ് നടക്കും. വൈകിട്ട് ആറ് മണിക്കാണ് താനൂര്‍ മണ്ഡലത്തിലെ പരിപാടി. നവ കേരള സദസിനോട് അനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നവകേരള സദസിലെ ലീഗ് സാന്നിധ്യം സംബന്ധിച്ചുള്ള ചര്‍ച്ചകളും ചൂട് പിടിക്കുന്നുണ്ട്. വിട്ടു നിൽക്കുന്ന ജനപ്രതിനിധികൾ മലപ്പുറംകാരോട് ചെയ്യുന്നത് നീതികേട് ആണെന്നാണ് മന്ത്രി പി രാജീവ് തുറന്നടിച്ചത്. ബഹിഷ്കരിക്കാൻ ശ്രമിക്കുന്നവർ സദസിന് രാഷ്ട്രീയ നിറം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹിഷ്കരിക്കുന്നവരെ ജനങ്ങൾ തള്ളിക്കളയും എന്നാണ് മന്ത്രി കെ രാജൻ പ്രതികരിച്ചത്. പ്രതിഷേധങ്ങളെ കണക്കിലെടുക്കുന്നില്ല.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ ഒപ്പം കൂട്ടാനല്ല നവകേരള സദസ്. പുതിയ ഒരു പാർട്ടിയെ എത്തിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. നവ കേരള സദസ് മലപ്പുറത്ത് ഉണ്ടാക്കുക അഭൂതപൂർവമായ തിരക്കായിരിക്കുമെന്ന് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസും വിഷയത്തില്‍ ഒരു പടി കൂടെ കടന്ന് പ്രതികരണങ്ങള്‍ നടത്തി. പല യുഡിഎഫ് ജനപ്രതിനിധികൾക്കും പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്.
പലരും രഹസ്യമായി നിവേദനങ്ങൾ നൽകി. കോൺഗ്രസ് ബഹിഷ്കരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും റിയാസ് പറഞ്ഞു. ഇതിനിടെ മുസ്ലിം ലിഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു കെ ഹുസൈനും നവകേരള സദസിൽ പങ്കെടുത്തത് യുഡിഎഫിന് കനത്ത ക്ഷീണമായി. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്, ലീഗ് നേതാക്കൾ നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുത്തതും ചര്‍ച്ചയായിരുന്നു.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി കടന്നിട്ടും പരിശോധിക്കാനാകാതെ കേരളം, പരിശോധനാ സൗകര്യങ്ങളില്ല
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam