Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി കടന്നിട്ടും പരിശോധിക്കാനാകാതെ കേരളം, പരിശോധനാ സൗകര്യങ്ങളില്ല

പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന ജലസേചന വകുപ്പ് മന്ത്രിയുടെ രണ്ടു വർഷം മുൻപത്തെ പ്രഖ്യാപനം പാഴ്വാക്കായി.

Kerala unable to check water level in Mullaperiyar due to lack of facilities apn
Author
First Published Nov 27, 2023, 6:59 AM IST

ഇടുക്കി : മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ദിവസേന അണക്കെട്ടിൽ പരിശോധന നടത്താൻ ജീപ്പും ബോട്ടുമില്ലാതെ വിഷമിക്കുകയാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ. പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന ജലസേചന വകുപ്പ് മന്ത്രിയുടെ രണ്ടു വർഷം മുൻപത്തെ പ്രഖ്യാപനം പാഴ്വാക്കായി. ഉണ്ടായിരുന്ന ജീപ്പുകളിലൊന്ന് മാസങ്ങൾക്കു മുൻപേ കണ്ടം ചെയ്തു. ജലനിരപ്പ് 136 അടി കടന്നുവെങ്കിലും പരിശോധിക്കാനാകാതെ ബുദ്ധിമുട്ടിലാണ് കേരളം

2021 ഒക്ടോബർ 31 നാണ് മന്ത്രി റോഷി അഗസ്റ്റിൻ പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തുറന്നു വിട്ടപ്പോഴായിരുന്നു ഇത്. രണ്ടു വർഷം കഴിയുമ്പോൾ ബോട്ട് കിട്ടിയില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന ജീപ്പ് പോലും കണ്ടം ചെയ്തു. ജലനിരപ്പ് 136 അടി കഴിഞ്ഞതോടെ ഓരോ മണിക്കൂറും വിവരം ജില്ല ഭരണകൂടത്തെ അറിയിക്കണം. ഇതിനായി രണ്ടു ജീവനക്കാരെ നിയോഗിച്ചു. ഇവർക്ക് ഓരോ ദിവസവും അണക്കെട്ടിലേക്ക് പോകാൻ ഏക ആശ്രയം ജലസേചന വകുപ്പിൻറെ ഈ ജീപ്പ് മാത്രമാണ്. ബൃഹത്തായ കട്ടപ്പന സബ് ഡിവിഷനിലെ മറ്റു ജോലികൾക്കിടെ സമയം കണ്ടെത്തി വേണം ജീപ്പെത്തിക്കാൻ.  

മുമ്പുണ്ടായിരുന്ന ഒരു ജീപ്പ് പതിനഞ്ച് വ‍ർഷം കഴിഞ്ഞതിനാൽ കണ്ടം ചെയ്തിട്ട് മാസങ്ങളായി. അവശേഷിക്കുന്ന ഈ ജീപ്പിന്റെ ആയുസ്സ് ജനുവരിയോടെ അവസാനിക്കും. ഇതോടെ ജലസേചന വകുപ്പിന് ഇടുക്കിയിലുള്ള ഏക വാഹനവും ഇല്ലാതാകും. കണ്ടം ചെയ്ത ജീപ്പിനു പകരം വാടകക്ക് വാഹനം എടുക്കാനുള്ള നടപടികളും വിജയിച്ചില്ല.  തേക്കടിയിൽ നിന്നും ബോട്ടു മാർഗ്ഗം അണക്കെട്ടിലെത്താൻ വർഷങ്ങൾക്കു മുമ്പ് ഒരു സ്പീഡ് ബോട്ട് വാങ്ങിയിരുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇത് ഉപയോഗിക്കാൻ കഴിയാതെയായി. വെള്ളത്തിൽ കിടന്നു നശിക്കുകയാണിപ്പോൾ.

പ്രതിഷേധത്തിന് പുല്ലുവില, മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കൽ; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ
 
പുതിയ ഇലക്ട്രിക്ക് ബോട്ട് വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നാണ് ജലസേചന വകുപ്പ് പറയുന്നത്. സർക്കാർ ധൂർത്തിനായി ചെലവഴിക്കുന്ന പണത്തിൽ അൽപം മാറ്റി വച്ചാൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി മുല്ലപ്പെരിയാറിൻറെ താഴ് വാരത്ത് ആശങ്കയിൽ കഴിയുന്നവർക്ക് യഥാസമയം വിവരം കൈമാറാനെങ്കിലും കഴിയും.

 

  

Follow Us:
Download App:
  • android
  • ios