നവകേരള സദസ് നടത്താൻ പെരുമ്പാവൂർ ബോയ്സ് സ്കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിക്കണം: സംഘാടക സമിതി

Published : Nov 27, 2023, 03:19 PM ISTUpdated : Nov 27, 2023, 03:32 PM IST
നവകേരള സദസ് നടത്താൻ പെരുമ്പാവൂർ ബോയ്സ് സ്കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിക്കണം: സംഘാടക സമിതി

Synopsis

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ നവ കേരള സദസ്സ് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ് നിശ്ചയിച്ചിരിക്കുന്നത്

കൊച്ചി: നവകേരള സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന് സംഘാടക സമിതിയുടെ ആവശ്യം. സ്കൂൾ മതിലിനൊപ്പം പഴയ സ്റ്റേജും കൊടിമരവും പൊളിക്കണമെന്നും ആവശ്യമുണ്ട്. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊളിക്കുന്ന മതിലും കൊടിമരവും നവകേരള സദസിനു ശേഷം പുനർനിർമ്മിക്കുമെന്നും കത്തിൽ സംഘാടക സമിതി വ്യക്തമാക്കുന്നു.

തിരൂരിലേതിന് സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് സ്കൂളിനകത്ത് കയറുന്നതിന് വേണ്ടിയാണ് മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെടുന്നത്. സ്കൂളിന്റെ മുൻവശത്തെ കൊടിമരം നീക്കം ചെയ്യുന്നതിന് പുറമെ ഇതിനോട് ചേർന്നുള്ള മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റണമെന്നും ആവശ്യമുണ്ട്. പഴയ കോൺക്രീറ്റ് സ്റ്റേജാണ് മൈതാനത്തുള്ളത്. ഇത് പൊളിച്ചു നീക്കണം. മൈതാനത്തേക്ക് ബസിറങ്ങുന്നതിനായി ഈ വഴിയുടെ വീതി മൂന്ന് മീറ്ററായി വർധിപ്പിക്കണം എന്നിങ്ങനെ അഞ്ച് ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

യുഡിഎഫ് ജയിച്ച മണ്ഡലമാണ് പെരുമ്പാവൂർ. എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻ എൽദോസ് കുന്നപ്പിള്ളിലാണ് ഇവിടെ എംഎൽഎ. നവ കേരള സദസ്സിൽ സഹകരിക്കേണ്ടെന്നാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും തീരുമാനം. എംഎൽഎ ബഹിഷ്കരിച്ച സാഹചര്യത്തിലാണ് ബാബു ജോസഫ് എന്നയാൾ സംഘാടക സമിതിയുടെ അധ്യക്ഷനായത്. പൊളിക്കുന്ന മതിലും കൊടിമരവും പുതുക്കി പണിയുമെന്ന ഉറപ്പാണ് സംഘാടക സമിതി നൽകിയിരിക്കുന്നത്. നേരത്തെ തിരൂരിലും സ്കൂൾ മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ, യുഡിഎഫ് ഓഫീസ് ആക്രമിച്ചതിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ട, വീട്ടിൽ കൊടി കെട്ടാൻ വരേണ്ട'; എസ്എൻഡിപിയുടെ പേരിൽ ആരും വീട്ടിൽ കയറരുതെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ