മൂന്ന് മണിക്കൂര്‍ അഞ്ച് മിനിറ്റ്; നേവിസിന്റെ ഹൃദയം കോഴിക്കോടെത്തി, ശസ്ത്രക്രിയ പുരോഗമിക്കുന്നു

By Web TeamFirst Published Sep 25, 2021, 8:31 PM IST
Highlights

ഹൃദയം എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കത്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി.
 

കൊച്ചി: മസ്തിഷ്‌ക മരണം(Brain dead) സംഭവിച്ച നേവിസിന്റെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയക്കായി(heart transplantation) കോഴിക്കോട് എത്തിച്ചു. രാത്രി 7.15നാണ് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു.  ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റുമെടുക്കാണ് ഹൃദയം കോഴിക്കോട് എത്തിച്ചത്. 4. 10നാണ് ആംബുലന്‍സ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച പൊലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പ് നന്ദി അറിയിച്ചു.

ഹൃദയം എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കത്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി. 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂവെന്നും വിമാനത്താവളങ്ങളില്‍ സമയം പാഴാകാന്‍ സാധ്യതയുള്ളതിനാലാണ് എയര്‍ ആംബുലന്‍സ് ഉപയോഗിക്കാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു. 

ഏഴ് പേര്‍ക്ക് ജീവൻ്റെ വെളിച്ചം നൽകി നേവിസ് യാത്രയായി: അവയവദാനത്തിന് വഴിയൊരുക്കി സഹകരിക്കാം

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് 


കൊച്ചി എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ.

എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു.

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.

click me!