Latest Videos

വിതരണം ചെയ്തത് 3.5കോടി വാക്സിന്‍, ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 8 ശതമാനം കുറവ്: മുഖ്യമന്ത്രി

By Web TeamFirst Published Sep 25, 2021, 7:23 PM IST
Highlights

പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറുപ്പക്കാര്‍ക്കിടയിലാണ് രോഗബാധ വീണ്ടും  കൂടുതലായി ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 

സംസ്ഥാനത്ത് ആകെ വിതരണം ചെയ്തത് മൂന്നരക്കോടി ഡോസ് വാക്സിനെന്ന് (Covid Vaccine) മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ആദ്യ ഡോസ് വാക്സിന്‍ വിതരണം 91.31 ശതമാനമാണ്  പൂര്‍ത്തിയായത്. സംസ്ഥാനത്തെ കൊവിഡ് (Covid 19) ബാധിച്ച് മരിച്ചവരില്‍ 26.3 ശതമാനം പേരും വാക്സിന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.26.3 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തവരാണ്. മരിച്ചവരില്‍ 7.9 ശതമാനം പേരാണ് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരുള്ളത്. ഇവരില്‍ ഭൂരിഭാഗവും പ്രായാധിക്യം ചെന്നവരും അനുബന്ധ രോഗവുമുള്ളവരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊട്ടു മുന്‍പുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 8% കുറവു വന്നിട്ടുണ്ട്.  രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള കാലയളവില്‍, ശരാശരി ആക്ടീവ് കേസുകള്‍ 1,70,669 ആയിരുന്നു. അതില്‍ ശരാശരി 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നത്. ഈ കാലയളവില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ ഏകദേശം 7,000  കേസുകളുടെ കുറവുണ്ടായിട്ടുണ്ട്.

പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളര്‍ച്ചാ നിരക്ക് മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ 5 ശതമാനം കുറഞ്ഞു. സജീവമായ രോഗികളുടെ എണ്ണം, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്‍റിലേറ്റര്‍, ഓക്സിജന്‍ സപ്പോര്‍ട്ട് എന്നിവയില്‍ പ്രവേശിച്ചവരുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ യഥാക്രമം 16 ശതമാനം, 7 ശതമാനം, 21 ശതമാനം, 3 ശതമാനം, 6 ശതമാനം എന്നിങ്ങനെ കുറഞ്ഞുവെന്നും മുഖ്യമന്ത്രി വിശദമാക്കി.

പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറുപ്പക്കാര്‍ക്കിടയിലാണ് രോഗബാധ വീണ്ടും  കൂടുതലായി ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്സിന്‍ നല്‍കാനായി. ആദ്യ ഡോസ് വാക്സിനേഷന്‍ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്സിനേഷന്‍ 39.47 ശതമാനവുമാണ് (1,05,41,148). 

click me!