കോഴിക്കോട്: എൻസിപിയിൽ മലബാർ മേഖലായോഗങ്ങൾ ഇന്ന് തുടങ്ങാനിരിക്കേ, തദ്ദേശതെരഞ്ഞെടുപ്പിൽ മുന്നണിയിൽ വേണ്ടത്ര പരിഗണന കിട്ടാതിരുന്നതിലെ അതൃപ്തി തുറന്നുപറഞ്ഞ് എൻസിപി. എൽഡിഎഫ് വേണ്ടത്ര സീറ്റുകൾ തദ്ദേശതെരഞ്ഞെടുപ്പിൽ തന്നില്ലെന്ന് എൻസിപി സംസ്ഥാനാധ്യക്ഷൻ ടി പി പീതാംബരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു കാരണവശാലും പാലാ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും ടി പി പീതാംബരൻ തറപ്പിച്ചു പറയുന്നു. അതേസമയം, ഇന്ന് നടക്കുന്ന കോഴിക്കോട്, വയനാട് മേഖലായോഗങ്ങളിൽ നിന്ന് ചില ശശീന്ദ്രൻപക്ഷനേതാക്കൾ വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്.
പാലാ വർഷങ്ങളായി സംഘടനാപ്രവർത്തനം നടത്തി പാർട്ടി വളർത്തിക്കൊണ്ടുവന്ന മണ്ഡലമാണെന്ന് ടി പി പീതാംബരൻ പറയുന്നു. 20 വർഷമായി പാർട്ടി പിന്തുണ വളർത്തിയെടുത്ത മണ്ഡലം. കെ എം മാണി മരിക്കുന്നതിന് മുമ്പ് അവസാനം നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം കാര്യമായി കുറയ്ക്കാൻ എൻസിപിക്ക് കഴിഞ്ഞെന്ന് ടി പി പീതാംബരൻ ഓർമിപ്പിക്കുന്നു. കെ എം മാണിയുടെ മരണശേഷം നടന്ന തെരഞ്ഞെടുപ്പിലാകട്ടെ ജോസ് കെ മാണിയെ തോൽപ്പിക്കാൻ എൻസിപിക്ക് കഴിഞ്ഞു. അന്ന് തോറ്റ പാർട്ടിക്ക് ഇന്ന് മുന്നണിയിൽ വന്നാൽ സീറ്റ് കൊടുക്കണമെന്ന് പറയുന്നത് എവിടത്തെ ന്യായമാണ്? ടി പി പീതാംബരൻ ചോദിക്കുന്നു.
രാവിലെ കോഴിക്കോട്ടും, ഉച്ചതിരിഞ്ഞ് വയനാട്ടിലുമാണ് എൻസിപി നേതൃയോഗങ്ങൾ നടക്കുന്നത്. ടി പി പീതാംബരന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് പങ്കെടുക്കുന്നുണ്ട്. എ കെ ശശീന്ദ്രൻ പക്ഷക്കാരനാണ് മുക്കം മുഹമ്മദ്. ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗത്വമടക്കം ചില പദവികൾ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അത്തരം പദവികൾ നൽകാൻ ശശീന്ദ്രൻ മുൻകൈയെടുത്തില്ല എന്നതിൽ മുക്കം മുഹമ്മദിന് അതൃപ്തിയുണ്ട്. അതിനാൽത്തന്നെ, ശശീന്ദ്രനൊപ്പം ഇപ്പോൾ സ്വന്തം തട്ടകമായ കോഴിക്കോട്ടെ നേതാക്കൾ നിൽക്കുന്നില്ല എന്നത് മന്ത്രിക്ക് തിരിച്ചടിയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എലത്തൂരിൽ നിന്ന് തന്നെ മത്സരിക്കാനാണ് എ കെ ശശീന്ദ്രന്‍റെ നീക്കം. എൻസിപി മുന്നണി വിട്ടാൽ പാർട്ടി പിളർത്തി കടന്നപ്പള്ളി രാമചന്ദ്രന്‍റെ കോൺഗ്രസ് എസ്സിൽ ചേർന്നാകും ശശീന്ദ്രൻ മത്സരിക്കുക. അവിടെ കോഴിക്കോട്ടെ നേതാക്കളുടെ പിന്തുണ ശശീന്ദ്രന് ആവശ്യമാണ്. ആ നേതാക്കൾ ഇന്നത്തെ നേതൃയോഗങ്ങളിൽ പങ്കെടുക്കുന്നത് ശശീന്ദ്രന് ക്ഷീണവുമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam