റബർ ബോർഡിന്റെ പുതിയ ചെയർമാനായി ബിജെപി നേതാവും നിലവിലെ ബോർഡ് അംഗവുമായ എൻ ഹരിയെ കേന്ദ്ര സർക്കാർ നിയമിച്ചു. റബർ ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഈ പദവിയിൽ എത്തുന്നത്. റബർ കർഷകർ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ നിയമനം
ദില്ലി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും നിലവിൽ റബർ ബോർഡ് അംഗവുമായ എൻ ഹരിയെ നിയമിച്ചു. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി. റബർ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ ബോർഡിന്‍റെ തലപ്പത്ത് ബി ജെ പി നേതാവ് എത്തുന്നത് എന്ത് മാറ്റം കൊണ്ടുവരും എന്നത് കണ്ടറിയണം. അതേസമയം കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനം മാറ്റില്ലെന്നാണ് നിയുക്ത ചെയർമാൻ ആദ്യമായി പ്രതികരിച്ചത്. റബറിന്റെ അനന്ത സാധ്യതകൾ, കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ പരിഗണിക്കുമെന്നും ഹരി വ്യക്തമാക്കി. കർഷകർക്ക് സഹായം ചെയ്യുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും റബർ ബോർഡ് ചെയർമാൻ സ്ഥാനം കേരളത്തിന് തന്നത് കേന്ദ്രത്തിന്റെ അംഗീകാരമാണെന്നും ഹരി കൂട്ടിച്ചേർത്തു. രാഷ്ട്രീയ നിയമനം എന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

