എൻസിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ, പാലാ സീറ്റ് വിഷയം മാണി സി കാപ്പൻ ഉന്നയിച്ചേക്കും

By Web TeamFirst Published Oct 16, 2020, 6:33 AM IST
Highlights

പാലാ സീറ്റിന്‍റെ കാര്യത്തില്‍ വിട്ടു വീഴ്ച വേണ്ടെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. കാപ്പനൊപ്പം എന്‍സിപിയിയിലെ ഒരു വിഭാഗവുമുണ്ട്

കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിയില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തിന് സിപിഎം കൈമാറിയേക്കുമെന്ന സൂചനകള്‍ക്കിടെ എൻസിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാലാ സീറ്റ് വിഷയത്തില്‍ തത്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വമെങ്കിലും വിഷയം യോഗത്തില്‍ ഉന്നയിക്കാനാണ് മാണി സി കാപ്പന്‍റെ നീക്കം.

പാലാ സീറ്റിന്‍റെ കാര്യത്തില്‍ വിട്ടു വീഴ്ച വേണ്ടെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. കാപ്പനൊപ്പം എന്‍സിപിയിയിലെ ഒരു വിഭാഗവുമുണ്ട്. സിപിഎം പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്ന നിലപാടിലാണ് ഇവർ. അങ്ങനെ വന്നാല്‍ യുഡിഎഫ് പിന്തുണയോടെ പാലായില്‍ തന്നെ മത്സരിക്കണം. ഈ നീക്കം എന്‍സിപിയിലെ ഒരു വിഭാഗം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃയോഗം ചേരുന്നത്. എന്‍സിപി ദേശീയ നേതൃത്വവും പാലാ സീറ്റ് വിട്ടുകൊടുക്കരുതെന്ന നിലപാടിലാണ്.

എന്നാല്‍ പാലായുടെ പേരില്‍ കടുത്ത നിലപാട് സ്വീകരിച്ച് സിപിഎമ്മുമായി അകലുന്നത് ബുദ്ധിയല്ലെന്നാണ് മന്ത്രി സഭയിലെ എന്‍സിപി പ്രതിനിധി എകെ ശശീന്ദ്രന്‍റെ അഭിപ്രായം. പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കണമെന്ന് സിപിഎം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ ഇത്തരമൊരു ചര്‍ച്ച പോലും ഇപ്പോള്‍ വേണ്ടന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. പാലാ സീറ്റിന്‍റെ പേരില്‍ എന്‍സിപിയില്‍ രണ്ട് ചേരിയുണ്ടെന്ന് സിപിഎം കരുതുന്നു. അതില്‍ കാപ്പന്‍റെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. എന്‍സിപിയിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്‍റേയും ശ്രമം.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ചർച്ചയാകും. പാല സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ കടമ്പ. ജോസിന്റെ മുന്നണി പ്രവേശനത്തിൽ സിപിഐ നിലപാടറിയാൻ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചർച്ച നടത്തും. ലൈഫ് മിഷൻ കേസിലെ സി ബി ഐ അന്വേഷണത്തിലെ ഇടക്കാല സ്റ്റേ ഉയർത്തിക്കാട്ടിയുള്ള രാഷ്ട്രീയ പ്രചാരണത്തിനും സി പി എം സെക്രട്ടറിയേറ്റ് യോഗം രൂപം നൽകും.

click me!