
പത്തനംതിട്ട: ശബരിമലയിൽ എൻഡിആർഎഫ് സംഘത്തെ നയിക്കാൻ നാട്ടുകാരൻ. പത്തനംതിട്ട വലംചുഴി സ്വദേശിയായ, എൻഡിആർഎഫ് ആരക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാന്റന്റ് ഡോ. എ അർജുനാണ് വെള്ളിയാഴ്ച്ച ചാർജ് എടുത്തത്. നേരത്തെ അതിർത്തി രക്ഷാസേനയിൽ (ബിഎസ്എഫ്) ആയിരുന്ന അർജുന് ആദ്യമായാണ് ശബരിമലയിൽ ഔദ്യോഗിക കൃത്യനിർവഹണം. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്.
സന്നിധാനത്ത് 41 പേരും പമ്പയിൽ 40 പേരുമായി ആകെ 81 എൻഡിആർഎഫ് സേനയാണ് ശബരിമലയിൽ ഉള്ളത്. ദുരന്ത പ്രതിരോധത്തിന്റെ ചുമതലയുള്ള എൻഡിആർഎഫ് സംഘം സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്ന തീര്‍ത്ഥാടകരെ ഉടൻ സ്ട്രച്ചറിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്ന ജീവൻരക്ഷാപ്രവർത്തനമാണ് ചെയ്യുന്നത്. പുല്ലുമേട് വഴി വരുന്ന അയ്യപ്പന്മാരുടെ കാര്യത്തിലും ഇത്തരത്തിൽ ജാഗ്രത പുലർത്തുന്നു. ഇതിനകം 60 പേരെ ക്ഷണനേരം കൊണ്ട് സ്ട്രച്ചറിൽ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചു.
അയ്യപ്പ സന്നിധിയിൽ നൃത്താർച്ചനയുമായി സന്നിധാനം ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ ആയുർവേദ തെറാപ്പിസ്റ് വിജീഷ് കുമാറും സുഹൃത്തുക്കളായ മഞ്ചേഷ് ശ്രീഭദ്രയും വിഷ്ണുവും. ക്ലാസിക്കൽ, സെമി ക്ലാസിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച നൃത്താർച്ചന അയ്യപ്പഭക്തന്മാർക്ക് വേറിട്ട അനുഭവമായി.
ശ്രീ മഹാഗണപതിയെ വാഴ്ത്തി കൊണ്ട് മഞ്ചേഷ് അവതരിപ്പിച്ച നൃത്തത്തോടെയാണ് നൃത്താർച്ചന ആരംഭിച്ചത്. ധർമ്മ പുനസ്ഥാപകനായ അയ്യപ്പനെയും മഹാ ശിവനെയും മറ്റു ദേവ ഗണങ്ങളെയും സ്തുതിച്ചു കൊണ്ടാണ് നൃത്തം അവതരിപ്പിച്ചത്. ഭക്തിസാന്ദ്രമായ നൃത്താർച്ചന ആസ്വദിക്കാനായി നിരവധി അയ്യപ്പന്മാരാണ് നടപന്തലിലെ വേദിക്ക് മുന്നിൽ തടിച്ച് കൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam