
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി അറസ്റ്റിലായ അമ്മ അഖിലയുടെ അമ്മ റീന. അഖിലയുടെ പങ്കാളി അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായും അഷ്കറിനെ കാണുമ്പോൾ കുഞ്ഞ് കരയുമായിരുന്നുവെന്നും റീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുഴുത്ത പട്ടിയെ പോലെയായിരിക്കും കുഞ്ഞിനെ നോക്കുക എന്ന് പറഞ്ഞു. അഖിലയും എല്ലാത്തിനും കൂട്ടുനിന്നുവെന്നും റീന വ്യക്തമാക്കി.
കുഞ്ഞിനെ തങ്ങളെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ല. പൊലീസിനെ സമീപിച്ചെങ്കിലും അഖില സമ്മതിച്ചില്ല. അഖില മകളാണെന്ന് പറയാൻ പോലും നാണക്കേടാണെന്നും റീന കൂട്ടിച്ചേർത്തു. ഇന്നലെ കാലത്താണ് കുട്ടിയുടെ മരണം അറിഞ്ഞതെന്ന് കുട്ടിയുടെ പിതാവ് അഖിലിൻ്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടിയെ തങ്ങൾക്ക് വിട്ടുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഇതുണ്ടായതെന്നും ഇനി എന്തിന് തങ്ങൾ ജീവിക്കണമെന്നും അവർ കണ്ണീരോടെ പറഞ്ഞു.
നെടുമങ്ങാട്ടെ അഖിൽ - അഖില ദമ്പതികളുടെ മകനായ ഒന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. കുട്ടി നേരിട്ടത് അതിക്രൂരമായി മർദനമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിൻ്റെ ശരീരത്തിൽ 51 മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ അടക്കം ആഴത്തിൽ മുറിവുകളുണ്ട്. കാലിൽ സിഗരറ്റ് കൊണ്ടു പൊള്ളിച്ചതിൻ്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ആന്തരിക രക്തസ്രാവമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി കുഞ്ഞ് ഛർദിച്ചുവെന്ന് പറഞ്ഞ് കുട്ടിയെ അഷ്കർ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ ആണ് കുട്ടി മരണപ്പെട്ടത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അഖില തമിഴ്നാട്ടിൽ നൃത്തപരിപാടിക്ക് പോയതായിരുന്നു.
അഖില മൂന്നുമാസം ഗർഭിണിയായപ്പോഴാണ് ആദ്യ ഭർത്താവ് അഖിൽ ആത്മഹത്യ ചെയ്തത്. ഇതേ തുടർന്ന് അഖില അഖിലിൻ്റെ വീട്ടിൽനിന്ന് മാറിത്താമസിച്ചു. പിന്നീടാണ് അഖില അഷ്കറുമായി അടുക്കുന്നതും കരിക്കുഴിയിലുള്ള വാടക വീട്ടിൽ താമസം ആരംഭിക്കുന്നതും. കുട്ടിയെ വിട്ടുകിട്ടാൻ അഖിലിൻ്റെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും അഖില തയ്യാറായിരുന്നില്ല. അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കാനും അഖില ശ്രമിച്ചതിനെ തുടർന്ന് അഖിലിൻ്റെ കുടുംബം യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ചു. കുഞ്ഞിനെ വിട്ടുനൽകാമെന്ന ഉറപ്പ് കുടുംബത്തിന് ലഭിച്ചതിനിടെയാണ് ഒന്നര വയസ്സുകാരന് മരണം സംഭവിക്കുന്നത്.
നേരത്തെ കുഞ്ഞിൻ്റെ ഇരുകൈകളും ഒടിഞ്ഞതിൽ പിതാവിന്റെ ബന്ധുക്കൾക്ക് സംശയമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ആരാഞ്ഞപ്പോൾ സൈക്കിളിൽനിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റതായിരുന്നു എന്നാണ് അഖിലയുടെ ബന്ധുക്കൾ അറിയിച്ചിരുന്നത്. അറസ്റ്റിലായ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനിടെ, അഷ്‌കറിന്റെ വാഹനം അടിച്ചു തകർത്തു. പനവൂരിലെ വാടക വീടിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് അടിച്ചു തകർത്തത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് കാർ അടിച്ചു തകർത്തതെന്ന് നാട്ടുകാർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam