
കൊച്ചി: മഴ കുറഞ്ഞതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളം തുറക്കുമെന്നായിരുന്നു നേരത്തേ അറിയിപ്പുണ്ടായിരുന്നത്. എന്നാൽ മഴ കുറഞ്ഞതിനാൽ രണ്ട് മണിക്കൂർ നേരത്തേ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.
വെള്ളം നീക്കാനും, റൺവേ അടക്കം വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്തായിരുന്നു വിമാനത്താവളം തുറക്കുന്നത് നീട്ടിയത്. എന്നാൽ വലിയ പ്രതികൂല കാലാവസ്ഥ ഇല്ലാതിരുന്നതിനാൽ, വിമാനത്താവളം നേരത്തേ തുറക്കാൻ തീരുമാനിച്ചെന്ന് സിയാൽ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് എട്ടാംതീയതിയാണ് വിമാനത്താവളം അടച്ചത്.
ഇവിടെ നിന്നുള്ള എയര്‍ ഇന്ത്യയുടെ 12 സര്‍വീസുകള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 10, 11 തിയതികളില്‍ ഇവിടെ നിന്നുള്ള 12 വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാകും സർവീസ് നടത്തുക. ആഭ്യന്തര സര്‍വീസുകള്‍ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് നടത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സര്‍ക്കാരിന്‍റെ ആവശ്യ പ്രകാരം സര്‍വീസ് നടത്താന്‍ നേവി അനുമതി നല്‍കിയിട്ടുണ്ട്.
വിമാനത്താവളത്തിന്‍റെ പുറക് വശത്തെ ചെങ്കൽചോട്ടിൽ ജലവിതാനം ഉയർന്നതാണ് വിമാനത്താവളം അടച്ചിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചെങ്കൽചോട്ടിൽ ജലവിതാനം ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാൻ സിയാൽ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam