
കൊച്ചി: നെടുമ്പാശേരിയിൽ മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് മൂന്നുപേരെ കൊലപ്പെടുത്തിയ സുഹൈൽ സജീവ് (19) റിമാൻഡിൽ. സുഹൈലിനെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ ചുമത്തിയാണ് കേസെടുത്തത്. ശനിയാഴ്ച അർധരാത്രി ഉണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
എറണാകുളത്ത് ഏവിയേഷന്‍ പഠനം പൂര്‍ത്തിയാക്കി, പുതിയ ജീവിതം സ്വപ്നം കണ്ട് ജോലിക്ക് കയറുന്ന ഇടവേളയില്‍ തൃക്കാക്കരിലെ കരകൗശല വ്യാപാര സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു ദേവികയും ഗോപികയും ഇയാസും. സുഹൃത്തുക്കള്‍ക്കൊപ്പം വൈകിട്ട് പുറത്തിറങ്ങിയ മൂന്നുപേരും നെടുമ്പാശേരിയില്‍ നിന്ന് രാത്രി തിരികെ വീട്ടിലേക്ക് മടങ്ങവെയായിരുന്നു ദാരുണമായ അപകടം.
കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടതറിഞ്ഞിട്ടും ലഹരി തലയ്ക്ക് പിടിച്ച സുഹൈല്‍ സജീവ് കാറില്‍ നിന്ന് ഇറങ്ങിയില്ല. ഡോര്‍ തുറക്കാന്‍ ശ്രമിച്ച നാട്ടുകാരോട് ഡോറിന്‍റെ സെന്‍സര്‍ തകരാറിലാവുമെന്ന് തര്‍ക്കിച്ചു. ഒടുവില്‍ പിടിച്ച് വലിച്ച് പുറത്തിറക്കിയപ്പോള്‍ എല്ലാം ബാപ്പ നോക്കിക്കോളുമെന്നായിരുന്നു ആക്രോശം. നാട്ടുകാർ പിടിച്ചുവെച്ചാണ് പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറിയത്.
ബിയര്‍ മാത്രമാണ് കഴിച്ചതെന്നായിരുന്നു സുഹൈലിൻ്റെ ആദ്യ മൊഴി. പ്രാഥമിക വൈദ്യ പരിശോധനയില്‍ തന്നെ മദ്യം കഴിച്ചതായി തെളിഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ ശനിയാഴ്ച ഉച്ചമുതല്‍ മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ചെന്ന് സുഹൈല്‍ സമ്മതിച്ചു. മദ്യപിക്കുന്നതിന്‍റെ വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. മുഴുവന്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചു. മദ്യത്തിനപ്പുറം രാസ ലരഹിയും പ്രതി ഉപയോഗിച്ചിടുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. വാഹനത്തില്‍ അതുമായി ബന്ധപ്പെട്ട തെളിവുകളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. രക്ത, മൂത്ര പരിശോധന ഫലങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ അതിന് സ്ഥിരീകരണമാകൂ.
19-ാം വയസില്‍ മിനി കൂപ്പര്‍ സ്വന്തമാക്കിയ പ്രതി സ്ഥിരമായി അമിത വേഗതയിലും അപകടകരമായുമാണ് വണ്ടിയോടിച്ചിരുന്നത്. 215 കിലോമീറ്റര്‍ വേഗതയില്‍ മിനി കൂപ്പറോടിക്കുന്ന വീഡിയോ സുഹൈൽ തന്നെ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ആലിശ്ശേരി സ്വദേശി സജീവ് ജമാലിന്‍റെയും ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹ ഡിസൈന്‍സിന്‍റെ ഉടമ നൂഹ സജീവിന്‍റെയും മകനാണ് ബികോം വിദ്യാര്‍ത്ഥിയായ സുഹൈൽ സജീവ്. സുഹൈലിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും പിതാവിൻ്റെ ഉടമസ്ഥതയിലാണ് അപകടമുണ്ടാക്കിയ മിനി കൂപ്പർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam