
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തിൽ പ്രതി സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം. വ്യാഴാഴ്ച രാത്രി പുറത്തുവന്ന സാമ്പിൾ പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. അതേസമയം ഇന്ന് രാവിലെ 11 മണിയോടെ അങ്കമാലി മജിസ്ട്രേറ്റ് കോടതി സുഹൈലിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കും. സുഹൈലിന്റെ ജാമ്യത്തെ ശക്തമായി എതിര്ക്കാനാണ് പൊലീസിന്റെ തീരുമാനം.
സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായി അപകടത്തിൻ്റെ ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പ്രതിയുടെ സാമ്പിൾ പരിശോധന റിപ്പോർട്ട്. 30 മില്ലിഗ്രാം മദ്യമാണ് അനുവദനീയമായ പരിധി. എന്നാൽ അഞ്ചിരട്ടിയിലധികം മദ്യം സുഹൈൽ കഴിച്ചുവെന്നാണ് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സുഹൈൽ രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച പരിശോധന ഫലം ലഭിക്കാൻ വൈകും. നിലവില് മദ്യപിച്ച് വാഹനമോടിച്ചതിനുള്ള വകുപ്പും (MV Act 185) പ്രതിക്കെതിരെ ചേര്ത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജാമ്യഹർജിയിൽ വാദം നടന്നപ്പോൾ, സുഹൈൽ മനപ്പൂർവം നടത്തിയ കുറ്റമല്ലെന്നും മാധ്യമങ്ങൾ ഊതിപ്പെരുപ്പിക്കുന്നതാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പ്രതിയുടെ പ്രായം കണക്കിലെടുക്കണമെന്ന് പ്രതിഭാഗം ഉന്നയിച്ചപ്പോൾ മരണപ്പെട്ടവരും ചെറുപ്പക്കാരാണെന്ന് മറുഭാഗത്ത് നിന്ന് വാദം ഉയർന്നു. സുഹൈലിന്റെ ജാമ്യത്തെ ശക്തമായി എതിർക്കാനാണ് പൊലീസിൻ്റെ തീരുമാനം. പ്രതിയും പ്രതിയുടെ കുടുംബവും സമൂഹത്തിൽ പിടിപാടുള്ളവരാണെന്നും പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ അടക്കം സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും പൊലീസ് ജാമ്യാപേക്ഷയെ എതിർക്കുക. കേസിൻ്റെ തുടക്കത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾ പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam