നെടുമ്പാശേരി മിനികൂപ്പർ അപകടം, പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങൾ; ഇന്ന് വിധിയില്ല, നാളെ

Published : Oct 16, 2026, 06:47 PM IST
Mini Cooper accident

Synopsis

നെടുമ്പാശേരി മിനികൂപ്പർ അപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നു. സ്കൂട്ടറിൽ 3 പേർ യാത്ര ചെയ്തതടക്കം ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചപ്പോൾ, പ്രതികൾ മദ്യപിച്ചിരുന്നതടക്കം പ്രോസിക്യൂഷനും ആയുധമാക്കി. നാളെയാകും വിധി

കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ കാർ അപകട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. ഇന്ന് വിധിയുണ്ടാകില്ല. നാളെയാകും ഉത്തരവെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. എഫ് ഐ ആർ രേഖപ്പെടുത്തിയ ദൃക്സാക്ഷിയിൽ ദുരൂഹതയുണ്ടെന്നും, സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണെന്നുമടക്കം പ്രതിഭാഗം വാദിച്ചു. എഫ് ഐ ആർ ഇട്ടപ്പോൾ തന്നെ ബി എൻ എസ്. 105 വകുപ്പ് ചുമത്താനുള്ള ഒരു തെളിവുമില്ലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് ഒരു സെൻസേഷണൽ വാർത്തയ്ക്ക് കാത്തിരിക്കുകയായിരുന്നുവെന്നും, മകൻ കുറ്റകൃത്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ക്രൂശിക്കപ്പെടുകയാണെന്നും പ്രതിഭാഗം വാദിച്ചു. ആ സ്‌കൂട്ടറിൽ 3 പേരുണ്ടായിരുന്നു എന്നത് എന്ത് കൊണ്ടു പരിഗണന വിഷയം ആകുന്നില്ല. ഇതൊരു വെറും അപകടം മാത്രമാണ്. ബാക്കിയെല്ലാം മീഡിയ ചാർത്തിയത് ആണെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടു. സ്‌കൂട്ടറിൽ 3 പേരല്ലേ ഉണ്ടായിരുന്നതെന്നും അതും അപകടം വിളിച്ചു വരുത്തുന്ന നടപടി അല്ലേ എന്ന പ്രതിഭാഗത്തിന്‍റെ ചോദ്യത്തിന് കോടതി തന്നെ മറുചോദ്യം ഉന്നയിച്ചു. മൂന്ന് പേര് ഒരുമിച്ച് പോയത് കൊണ്ടാണോ ഇടിച്ചത് എന്നായിരുന്നു ജഡ്ജിന്റെ മറു ചോദ്യം. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം അവരെ ഇനി ശിക്ഷിക്കാൻ ആകില്ലെന്നും മരിച്ചു പോയല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.

ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ

പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. പ്രതികൾക്ക് എതിരായി പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും, മൂത്രം, രക്തം എന്നിവ പരിശോധിച്ചതിൽ നിന്ന് ഇവർ മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നും 19 വയസെങ്കിലും ചെയ്ത കുറ്റവും അതിന്‍റെ ഭവിഷത്തും വ്യക്തമായി അറിയാവുന്ന ആളാണ് സുഹൈലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വണ്ടിയുടെ ഇ ഡി ആർ (EDR) പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിലൂടെ അപകടത്തിന്റെ ആഘാതം തെളിയുമെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷൻ, അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ഇപ്പോൾ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇ ഡി ആർ എന്ത് കൊണ്ടാണ് കോടതിയിൽ നൽകാത്തതെന്ന് ജഡ്ജി ചോദിക്കുകയും, സി സി ടി വി ദൃശ്യങ്ങൾ ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

അപകടത്തിന് ശേഷം പ്രതി "കേസ് എന്റെ ബാപ്പ നോക്കിക്കോളും" എന്ന് പറഞ്ഞതായി മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. മുൻപ് ഏതെങ്കിലും കേസുകൾ പ്രതിയുടെ പിതാവ് ഒതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. പ്രതിഭാഗത്തിന്റെ വാദങ്ങൾക്കും പ്രോസിക്യൂഷൻ എതിർപ്പുകൾക്കും പുറമെ വിവിധ സുപ്രധാന ചോദ്യങ്ങളും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇ ഡി ആർ കഴിഞ്ഞ ദിവസമാണ് എടുത്തതെന്നും ഡാറ്റാ ഡെക്കോഡിങ് നടക്കുന്നെ ഉള്ളു എന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി.

തെളിവെടുപ്പും ചോദ്യം ചെയ്യലും കഴിഞ്ഞ സാഹചര്യത്തിലും, പൊലീസ് കൂടുതൽ കസ്റ്റഡി നീട്ടി ചോദിക്കാത്തതിനാലും പ്രതികൾക്ക് ഇനിയൊരു ജുഡീഷ്യൽ കസ്റ്റഡി ശരിയല്ലെന്നും ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ഇതുവരെ രണ്ട് ദിവസത്തെ കസ്റ്റഡി മാത്രമാണ് ലഭിച്ചതെന്നും ഈ സമയം കൊണ്ട് അന്വേഷണം പൂർത്തിയാക്കാൻ ആകില്ലെന്നും പ്രോസിക്യൂഷൻ വാദം. കോടതിയിൽ വാദം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യാപേക്ഷയിൽ നാളത്തെ വിധി എന്തായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുസ്ലിം ലീഗിനെ വരച്ച വരയിൽ നിർത്തും, വർഗീയത തടയും; മുസ്ലിം വിഭാഗത്തിനിടയിൽ മതവികാരം ഇളക്കിവിടുന്ന സംവിധാനമാണ് ലീഗെന്നും പി ജയരാജൻ
കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത