നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.പിയേയും ഡിവൈഎസ്പിമാരേയും നുണ പരിശോധന നടത്തണമെന്ന് സിബിഐ

Published : Aug 28, 2020, 12:33 PM IST
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.പിയേയും ഡിവൈഎസ്പിമാരേയും നുണ പരിശോധന നടത്തണമെന്ന് സിബിഐ

Synopsis

കേസില്‍ അറസ്റ്റിലായ പൊലീസുദ്യോഗസ്ഥരാണ് എസ്പിയ്ക്കും ഡിവൈഎസ്പിമാര്‍ക്കും എതിരെ മൊഴി നല്‍കിയത്. വേണുഗോപാലിന്‍റെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ മര്‍ദിച്ചതെന്ന സൂചനകളും സിബിഐയ്ക്ക് കിട്ടിയിരുന്നു.

കൊച്ചി: ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ മുന്‍ ജില്ലാ പൊലീസ് മേധാവിയെയും രണ്ടു ഡിവൈഎസ്പിമാരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുമതി ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. മുന്‍ എസ് പി കെ.ബി.വേണുഗോപാലും ഡിവൈഎസ്പിമാരും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ നീക്കം.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്കുമാറിന് നേരെയുണ്ടായ മര്‍ദ്ദനത്തെ പറ്റി അന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ബി.വേണുഗോപാലിനും കട്ടപ്പന ഡിവൈഎസ്പി ഷംസുവിനും,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ സലാമിനും അറിയാമായിരുന്നെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. 

കേസില്‍ അറസ്റ്റിലായ പൊലീസുദ്യോഗസ്ഥരാണ് എസ്പിയ്ക്കും ഡിവൈഎസ്പിമാര്‍ക്കും എതിരെ മൊഴി നല്‍കിയത്. വേണുഗോപാലിന്‍റെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ മര്‍ദിച്ചതെന്ന സൂചനകളും സിബിഐയ്ക്ക് കിട്ടിയിരുന്നു. എന്നാല്‍ സംഭവത്തെ പറ്റി ഒന്നും അറിയില്ലെന്ന നിലപാടാണ് വേണുഗോപാലും ഡിവൈഎസ്പിമാരും സിബിഐ സംഘത്തിനു മുന്നില്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് മൂവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയില്‍ സിബിഐ അപേക്ഷ നല്‍കിയത്. 

സിബിഐ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയയ്ക്കും. സിബിഐ ആവശ്യത്തോടുളള മൂവരുടെയും നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും കോടതിയുടെ തീരുമാനം. സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്റ്റഡിയിലെടുത്ത വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേഡ് സബ്ജയിലില്‍ വച്ച് മരിച്ചത്. 

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വച്ച് രാജ്കുമാറിനേറ്റ മര്‍ദനമാണ് മരണകാരണമെന്ന് വ്യക്തമായതിനു പിന്നാലെ നടന്ന അന്വേഷണത്തില്‍ എസ്ഐയടക്കം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ അറസ്റ്റിലായി. ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിബിഐ ഏറ്റെടുത്തത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി