
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് രാജ്‌കുമാറിന്റെ ഭാര്യ വിജയ. കേസിൽ സിബിഐ അന്വേഷണം വേണമെന്നത് കുടുംബം തുടക്കം മുതൽ ആവശ്യപ്പെടുന്നതാണെന്നും വിജയ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തി ഉണ്ടായിരുന്നില്ല. അന്വേഷണത്തിൽ വീഴ്ച ഉള്ളതു കൊണ്ടാണ് എസ്ഐ സാബുവിന് ജാമ്യം കിട്ടിയത്. കേസിൽ ആരോപണവിധേയനായ എസ്പിയെ ചോദ്യം ചെയ്തത് പോലും മാസങ്ങൾക്ക് ശേഷമാണ്. പൊലീസുകാരെ സംരക്ഷിക്കാനാണ് അന്വേഷണസംഘം ശ്രമിച്ചതെന്നും വിജയ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ രാജ്‍കുമാര്‍ കസ്റ്റഡിയിലിരിക്കെ മരിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ സർക്കാർ തീരുമാനിച്ചത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്‍കുമാറിന്‍റെ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കട്ടെ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് എടുത്തിരിക്കുന്നത്.
രാജ്‍കുമാര്‍ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി എസ് ഐ സാബുവിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. സാബുവിനും നാലാം പ്രതി സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്‍റണിക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കോടതി വിധി വരും മുമ്പേ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അതേസമയം, കേസില്‍ ജുഡീഷ്യൽ അന്വേഷണവും സമാന്തരമായി നടക്കുമെന്ന് ജസ്റ്റിസ് കെ നാരായണകുറുപ്പ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam